ക്ലിയർട്രിപ്പിന്റെ ഓഹരികൾ വാങ്ങാൻ അദാനി ഗ്രൂപ്പ്

  • 30/10/2021


ന്യൂ ഡെൽഹി: ഇന്ത്യയിലെ അതിസമ്പന്നരിൽ രണ്ടാമനായ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് ഓൺലൈൻ ട്രാവൽ പ്ലാറ്റ്ഫോമായ ക്ലിയർട്രിപ്പിന്റെ ഓഹരികൾ വാങ്ങുന്നു. കൊവിഡ് നിയന്ത്രണത്തിന് ഇളവ് വന്നതോടെ ഇന്ത്യക്കകത്ത് വിമാനയാത്രകൾ ശക്തമായതോടെയാണ് അദാനിയുടെ നീക്കം. അദാനി എന്റർപ്രൈസസ് ലിമിറ്റഡാണ് ക്ലിയർട്രിപ്പിലെ ഓഹരികൾ വാങ്ങുന്നത്.

എത്ര രൂപയ്ക്കാണ് ഓഹരികൾ വാങ്ങുന്നതെന്നോ എത്ര ഓഹരികൾ വാങ്ങുമെന്നോ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ നവംബറിൽ ഇടപാട് നടക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ വാൾമാർട്ടിന്റെ കീഴിലുള്ള ഫ്ലിപ്കാർട്ട് ഗ്രൂപ്പിന്റെ ഭാഗമാണ് ക്ലിയർട്രിപ്. അതിനാൽ തന്നെ പുതിയ നീക്കത്തിലൂടെ തുറമുഖം മുതൽ ഊർജ്ജ മേഖല വരെ വ്യാപിച്ച് നിൽക്കുന്ന തങ്ങളുടെ സേവനങ്ങളെ ഒരു സൂപ്പർ ആപ്പിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യവും എയർപോർട്ട് മാനേജ്മെന്റ് ബിസിനസിന്റെ ശക്തിപ്പെടുത്താമെന്ന ലക്ഷ്യവും കമ്പനിക്ക് നിറവേറ്റാനായേക്കും.

ഇതിന് പുറമെ ഫ്ലിപ്കാർട്ടുമായും അതിന്റെ ഉടമകളായ വാൾമാർട്ടുമായും അദാനി ഗ്രൂപ്പിന് കൈകോർക്കാനാവുമെന്നതും പ്രധാനമാണ്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ റീടെയ്ൽ വെയർഹൗസ് നിർമ്മിക്കാൻ അദാനി ലോജിസ്റ്റിക്സ് ലിമിറ്റഡും ഫ്ലിപ്കാർട്ടും തമ്മിൽ കരാർ ഒപ്പുവെച്ചിരുന്നു. 534000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ഫുൾഫിൽമെന്റ് സെന്ററിനായുള്ളതായിരുന്നു കരാർ. 11 ഫുട്ബോൾ മൈതാനങ്ങളുടെ അത്രയും വിസ്തൃതിയാണ് ഈ വെയർഹൗസിന്റേത്. മുംബൈയിൽ അദാനി ലോജിസ്റ്റിക്സ് വെയർഹൗസ് നിർമ്മിച്ച് അത് ഫ്ലിപ്കാർട്ടിന് ലീസിന് നൽകാനാണ് ധാരണ.

ടാറ്റ ഗ്രൂപ്പ്, റിലയൻസ് ഇന്റസ്ട്രീസ് തുടങ്ങിയ എതിരാളികളോട് ഓൾ ഇൻ വൺ എന്ന ആപ്പുമായി എതിരിടാനുള്ള കരുത്താർജ്ജിക്കുക കൂടിയാണ് അദാനിയുടെ ലക്ഷ്യം. അതേസമയം മുകേഷ് അംബാനി ജസ്റ്റ് ഡയൽ ലിമിറ്റഡിൽ നിക്ഷേപം നടത്തുമെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം വലിയ നേട്ടം കൊയ്ത അദാനിയെ സംബന്ധിച്ച് പുതിയ തീരുമാനങ്ങൾ രാജ്യത്തെ അതിസമ്പന്നരിൽ ഒന്നാമനാകാനുള്ള സാധ്യത കൂടി തുറന്നുകൊടുക്കുന്നുണ്ട്.

Related Articles