യുക്രൈൻ - റഷ്യ സംഘർഷം: ആഗോള ഓഹരി വിപണിയിൽ വൻ ഇടിവ്; ക്രൂഡോയിൽ വില കുത്തനെ കൂടി

  • 24/02/2022



കീവ്: യുക്രൈനെതിരെ റഷ്യ സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെ ആഗോള ഓഹരി വിപണിയിൽ വൻ ഇടിവ്. സെൻസെക് 1800 പോയിന്റും നിഫ്റ്റി 500 പോയിന്റും ഇടിഞ്ഞു. ഇന്ത്യൻ വിപണിയിൽ  2022 ലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തേത്. 

ക്രൂഡോയിൽ വിലയും കുത്തനെ കൂടി. റഷ്യൻ യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലെത്തിനിൽക്കുകയാണ്. കഴിഞ്ഞ 8 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്. 2014 ലാണ് ഇതിന് മുമ്പ് ക്രൂഡോയിൽ വില ഇത്രയേറെ ഉയർന്നത്. 

യൂറോപ്പിലേക്കുള്ള ഇന്ധനത്തിന്റെ മൂന്നിലൊന്നും റഷ്യയാണ് നൽകുന്നത്. അതിനാൽ തന്നെ യുദ്ധ  സാഹചര്യം ക്രൂഡ് ഓയിൽ വില ഇനിയും വർധിപ്പിച്ചേക്കുമെന്നാണ് വിവരം. എണ്ണവില ഉയരുന്നത് ഇന്ത്യയിലെ ഇന്ധന വില ഉയരാനിടയാക്കിയേക്കും. അതേ സമയം റഷ്യൻ യുദ്ധ പ്രഖ്യാപനത്തോടെ ആഗോള സ്വർണ്ണ വില കുത്തനെ ഉയരുകയാണ്. കേരളത്തിൽ ഇന്ന് പവന് 680 രൂപ കൂടി. 37480 രൂപയാണ് ഇന്ന് പവന് വില. 

യുക്രൈനിൽ റഷ്യ യുദ്ധം തുടങ്ങിയതോടെയാണ് സാമ്പത്തിക വിപണിയിൽ തകർച്ചയുണ്ടായത്. പ്രധാന നഗരങ്ങളിൽ വ്യോമാക്രമണമുണ്ടായി. യുക്രൈൻ തലസ്ഥാനമായ കീവിൽ ആറിടത്ത് സ്ഫോടനമുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൈനിക കേന്ദ്രങ്ങളിലേക്കും മിസൈലാക്രമണമുണ്ടായി. വിമാനത്താവളങ്ങൾ അടച്ചു. 

രാജ്യത്തെ നേരിട്ട് അഭിസംബോധന ചെയ്താണ് യുക്രൈനിൽ സൈനിക നടപടി ആരംഭിച്ചതായി വ്ലാദിമിർ പുട്ടിൻ പ്രഖ്യാപിച്ചത്. ഒരു പ്രത്യേക സൈനിക നടപടി യുക്രൈനിൽ ആവശ്യമായിരിക്കുന്നുവെന്നാണ് പുട്ടിന്റെ  വിശദീകരണം. ഇതിനോടകം യുക്രൈൻ അതിർത്തിയിൽ നിന്നും 15 കിലോമീറ്റർ അകലെ രണ്ട് ലക്ഷം സൈനികരെ റഷ്യ വിന്യസിച്ചിട്ടുണ്ട്. രണ്ട് വിമതപ്രവിശ്യകളിൽ സൈന്യം ഇതിനോടകം പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. 

Related Articles