പേടിഎമ്മിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായി വിജയ് ശേഖർ ശർമ്മയ്ക്ക് വീണ്ടും നിയമനം

  • 23/05/2022




മുംബൈ: പേടിഎമ്മിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായി വിജയ് ശേഖർ ശർമ്മയ്ക്ക് വീണ്ടും നിയമനം. ശനിയാഴ്ചയാണ് കമ്പനി തീരുമാനം സ്റ്റോക് എക്സ്ചേഞ്ചിനെ അറിയിച്ചത്. 2022 ഡിസംബർ 19 മുതൽ അഞ്ച് വർഷത്തേക്കാണ് വിജയ് ശേഖർ ശർമ്മയുടെ കാലാവധി നീട്ടിയത്. പേടിഎം ചീഫ് ഫിനാൻഷ്യൽ ഓഫീസർ മധുർ ദിയോറയെ 2022 മെയ് 20 മുതൽ അഡീഷണൽ ഡയറക്ടറായി നിയമിച്ചെന്നും കമ്പനി റെഗുലേറ്ററി ഫയലിങിൽ വ്യക്തമാക്കി.

അടുത്ത പത്ത് വർഷം കൊണ്ട് ഘട്ടംഘട്ടമായി പേടിഎം ജനറൽ ഇൻഷുറൻസ് ലിമിറ്റഡിൽ 950 കോടി രൂപ നിക്ഷേപിക്കാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ ഇൻഷുറൻസ് കമ്പനിയിൽ വൺ 97 കമ്യൂണിക്കേഷൻസിലെ ഓഹരി വിഹിതം 74 ശതമാനമായി ഉയരും. നിക്ഷേപം നടത്തിയാൽ പേടിഎം ജനറൽ ഇൻഷുറൻസ് ലിമിറ്റഡ്, വൺ 97 കമ്യൂണിക്കേഷൻസ് കമ്പനിയുടെ ഉപകമ്പനിയായി മാറുകയും ചെയ്യും.

മാർച്ചിൽ അവസാനിച്ച സാമ്പത്തിക പാദത്തിലെ ഫലങ്ങൾ കമ്പനി വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു. കമ്പനിയുടെ നഷ്ടം 761.4 കോടിയായി ഉയർന്നു. 2021 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക പാദത്തിലെ നഷ്ടം 441.8 കോടി രൂപയായിരുന്നു. ഒരു മാസം ഒരു വിജയകരമായ ഇടപാടെങ്കിലും നടത്തിയ പേടിഎം ഉപഭോക്താക്കളുടെ എണ്ണം 41 ശതമാനം ഉയർന്ന് 7.09 കോടി രൂപയായി. മുൻവർഷത്തെ അപേക്ഷിച്ച് പേടിഎം നൽകിയ വായ്പകളിൽ 374 ശതമാനം വളർച്ചയുണ്ട്. കോൺട്രിബ്യൂഷൻ പ്രൊഫിറ്റ് 35 ശതമാനം ഉയർന്നെന്നും കമ്പനി പറയുന്നു.

Related Articles