ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം നിർമ്മിക്കാൻ കരാർ ഏറ്റെടുത്ത് ടാറ്റ ഗ്രൂപ്പ്

  • 03/06/2022



ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം നിർമ്മിക്കാൻ കരാർ ഏറ്റെടുത്ത് ടാറ്റ ഗ്രൂപ്പ്. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ജെവാറിൽ വരാനിരിക്കുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിക്കാനുള്ള കരാറാണ് ടാറ്റ ഗ്രൂപ്പിന്റെ ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ വിഭാഗം ഏറ്റെടുത്തതെന്നാണ് റിപ്പോർട്ട്.   

ടാറ്റ ഗ്രൂപ്പും യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. കരാറിന്റെ ഭാഗമായി വിമാനത്താവളത്തിൽ റണ്‍വേ, ടെര്‍മിനലുകള്‍, റോഡുകള്‍, യൂട്ടിലിറ്റികള്‍, എയര്‍സൈഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, മറ്റ് അനുബന്ധ കെട്ടിടങ്ങള്‍ എന്നിവ ടാറ്റ പ്രോജക്ട്സ് നിർമ്മിക്കുമെന്ന് യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (YIAPL) അറിയിച്ചു. 

ഏറ്റവും നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ട് ഗുണനിലവാരം, സുരക്ഷ, സുസ്ഥിരത എന്നീ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും നിർമ്മാണം എന്നും കൃത്യസമയത്ത് പണി പൂർത്തിയാക്കുമെന്നും ടാറ്റാ പ്രൊജക്റ്റ് സിഇഒയും എംഡിയുമായ വിനായക് പൈയെ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും നൂതനവും പരിസ്ഥിതി സൗഹൃദവുമായ വിമാനത്താവളം ആയിരിക്കും നോയിഡ അന്താരാഷ്ട്ര വിമാനത്താവളം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വിസ് ഡെവലപ്പർ ആയ സൂറിച്ച് എയർപോർട്ട് ഇന്റർനാഷണൽ എജിയുടെ അനുബന്ധ സ്ഥാപനമാണ് യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ്. നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമ്മാണത്തിനായി ഉത്തർപ്രദേശ് സർക്കാർ യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡുമായി 2020 ഒക്ടോബർ 7 ന് കരാറിൽ എത്തിയിരുന്നു. 

വിമാനത്താവളത്തിന്റെ പണി പൂർത്തിയാകുന്നതോടു കൂടി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളമായിരിക്കും നോയിഡ അന്താരാഷ്ട്ര വിമാനത്താവളം. 1,334 ഹെക്ടര്‍ സ്ഥലത്താണ് വിമാനത്താവളം ഒരുങ്ങുന്നത്. 5,700 കോടി രൂപ മുതൽ മുടക്കിലാണ് നിർമ്മാണം. 2024 ഓടെ വിമാനത്താവളം തുറക്കാനാകുമെന്നാണ് പ്രതീക്ഷ.

Related Articles