ഖത്തർ ലോകകപ്പിലെ ആദ്യ ഹാട്രിക്കുമായി റാമോസ്: റൊണാൾഡോയുടെ പറങ്കിപ്പടയ്‌ക്ക് ഗംഭീര മുന്നേറ്റം

  • 07/12/2022




ദോഹ : ഗോൾ വർഷം നടത്തി റൊണാൾഡോയുടെ പറങ്കിപ്പടയ്‌ക്ക് ഗംഭീര മുന്നേറ്റം. ലുസൈൽ സ്റ്റേഡിയത്തിൽ ഒന്നിനെതിരെ ആറ് ഗോളുകൾ നേടിയാണ് പോർച്ചുഗൽ പ്രീ ക്വാർട്ടറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. ഗോണ്‍സാലോ റാമോസിലൂടെ ഖത്തർ ലോകകപ്പിലെ ആദ്യ ഹാട്രിക്കിനും ഇന്നലെ സ്റ്റേഡിയം സാക്ഷിയായി.

ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ റാമോസിന് സ്വപ്‌നതുല്യമായ തുടക്കമായിരുന്നു ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തിലേത്. മത്സരം തുടങ്ങി 17-ാം മിനുട്ടില്‍ പോര്‍ച്ചുഗലിനായി ആദ്യ ഗോള്‍ റാമോസ് വക. പിന്നീട് മത്സരത്തിലുടനീളം പറങ്കികളുടെ തേരോട്ടമായിരുന്നു. 32-ാം മിനുട്ടിലായിരുന്നു പറങ്കികളുടെ അടുത്ത ഗോള്‍. ഇത്തവണ ലക്ഷ്യം കണ്ടത് പ്രതിരോധ താരം പെപെയും. കോര്‍ണറില്‍ നിന്നെത്തിയ പന്ത് തന്റെ തലവെച്ച് പെപെ സ്വിസ് ഗോള്‍മുഖത്തേയ്ക്ക് തിരിച്ചുവിട്ടു. ആദ്യ പകുതിയില്‍ പറങ്കികള്‍ രണ്ട് ഗോള്‍ ലീഡെടുത്തു.

രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമണകാരികളായ പോര്‍ച്ചുഗലിനെയാണ് കണ്ടത്. 51-ാം മിനുട്ടില്‍ റാമോസ് വക മൂന്നാമത്തെ ഗോള്‍. മൂന്നാം ഗോള്‍ കയറി നാല് മിനുട്ട് പിന്നിടുമ്പോള്‍ പറങ്കികള്‍ക്കായി റാഫേല്‍ ഗുരേര വക നാലാമത്തെ ഗോള്‍. ഇത്തവണ പന്ത് എത്തിച്ച് നല്‍കിയത് റാമോസും. പോര്‍ച്ചുഗല്‍ നാല് ഗോളിന് മുന്നില്‍. 58-ാം മിനുട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനായി പ്രതിരോധ താരം മാനുവല്‍ ആശ്വാസ ഗോള്‍ കണ്ടെത്തി.

എന്നാല്‍ പറങ്കികള്‍ ആക്രമണം നിര്‍ത്തിയില്ല. 67-ാം മിനുട്ടില്‍ പോര്‍ച്ചുഗല്‍ സ്‌കോര്‍ അഞ്ചിലെത്തിച്ച റാമോസ് ആദ്യ മത്സരത്തില്‍ തന്നെ തന്റെ ഹാട്രിക്കും കണ്ടെത്തി. ജാവോ ഫെലിക്‌സ് ബോക്‌സിനുള്ളിലേയ്ക്ക് നീട്ടി നല്‍കിയ പന്ത് വലയിലെത്തിക്കാന്‍ ശ്രമിച്ച റാമോസിന് തെറ്റിയില്ല. സ്വിസ് ഗോളി സോമറെ മറികടന്ന് പന്ത് വലയിലേയ്ക്ക്. 73-ാം മിനുട്ടില്‍ ഫെലിക്‌സിനെ പിന്‍വലിച്ച് റൊണാള്‍ഡോയെ കളത്തിലിറക്കി. 84-ാം മിനുട്ടില്‍ ഗോള്‍ കണ്ടെത്താനുള്ള താരത്തിന്റെ ശ്രമം ഓഫ്‌സൈഡില്‍ കലാശിക്കുകയായിരുന്നു.

അഞ്ച് ഗോളിന് ശേഷവും പറങ്കികള്‍ നിര്‍ത്തിയില്ല. ഇഞ്ചുറി ടൈമില്‍ റാഫേല്‍ ലിയോ വക ആറാമത്തെ ഗോളോടെ സ്വിസ് പതനം പൂര്‍ണം. 2008 ന് ശേഷം ആദ്യമായാണ് സുപ്രധാന ടൂര്‍ണമെന്റില്‍ ആദ്യ ഇലവനില്‍ റൊണാള്‍ഡോയില്ലാതെ പോര്‍ച്ചുഗല്‍ ഇറങ്ങുന്നത്. വമ്പന്മാരായ സ്‌പെയ്‌നിനെ പരാജയപ്പെടുത്തിയെത്തുന്ന മോറോക്കോയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പറങ്കികളുടെ എതിരാളികള്‍. ഡിസംബര്‍ 10 ശനിയാഴ്ച്ച രാത്രി 8:30 ന് അല്‍തുമാമ സ്റ്റേഡിയത്തിലാണ് മത്സരം.

ഇത്തവണ അപ്രതീക്ഷിച്ച ആഘാതങ്ങള്‍ ഏറെയായിരുന്നെങ്കിലും സ്വിസ് പൂട്ട് തകര്‍ക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു പോര്‍ച്ചുഗലിന്റെ മുന്നേറ്റം. പോര്‍ച്ചുഗല്‍ ആരാധകരുടെ പ്രിയ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആദ്യ ഇലവനില്‍ ഇടംനേടിയിട്ടില്ല. റൊണാള്‍ഡോയ്ക്ക് പകരം ഗോണ്‍സാലോ റാമോസാണ് ടീമിലിടം നേടിയത്. 2008ന് ശേഷം ആദ്യമായാണ് റൊണാള്‍ഡോ ഇല്ലാതെ പോര്‍ച്ചുഗലില്‍ ആദ്യ ഇലവനെ പ്രഖ്യാപിക്കുന്നത്.

നേഷന്‍സ് ലീഗിലെ അവസാന ഏറ്റുമുട്ടലില്‍ ഹാരിസ് സെഫെറോവിച്ചിലൂടെ പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസവും സ്വിറ്റസര്‍ലന്‍ഡിനുണ്ടായിരുന്നു.. 2022ല്‍ ഇരുടീമുകളും തമ്മിലുള്ള മൂന്നാമത്തെ ഏറ്റുമുട്ടലാണിത്.

കൊറിയയും പോര്‍ച്ചുഗലിനെതിരെ നേടിയ അട്ടിമറി ജയങ്ങളുടെ പാഠമുള്‍ക്കൊണ്ടാണ് പോര്‍ച്ചുഗല്‍ കളിക്കളത്തിലിറങ്ങിയത്. പ്രീ ക്വാര്‍ട്ടര്‍ കടക്കാന്‍ രണ്ട് തവണ മാത്രമേ പോര്‍ച്ചുഗലിന് കഴിഞ്ഞിട്ടുള്ളൂ. 1966ലും 2006ലുമാണ് പോര്‍ച്ചുഗലിന് അത് സാധിച്ചത്.

Related Articles