ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീന സെമിയില്‍

  • 09/12/2022



ദോഹ: ഖത്തര്‍ ലോകകപ്പില്‍ ലാറ്റിനമേരിക്കന്‍ സ്വപ്‌ന ഫുട്ബോളിന്‍റെ വക്താക്കളായി അര്‍ജന്‍റീന തുടരും. രണ്ടാം ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് തോല്‍പിച്ചാണ് സെമിയിലേക്ക് മെസിപ്പടയുടെ പടയോട്ടം. രണ്ട് തകര്‍പ്പന്‍ സേവുകളുമായി അര്‍ജന്‍റീന ഗോളി എമി മാര്‍ട്ടിനസ് ഷൂട്ടൗട്ടിലെ ഹീറോയായി. 

120 മിനുറ്റുകളിലും ഇരു ടീമും രണ്ട് വീതം ഗോളടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. അതിന് മുമ്പ് ഒരു ഗോളും അസിസ്റ്റുമായി മെസി അര്‍ജന്‍റീനക്കായും ഇരട്ട ഗോളുമായി വൗട്ട് നെതര്‍ലന്‍ഡ്‌സിനായും തിളങ്ങി. 

ഇരു ടീമുകളും ശക്തമായ ഇലവനുകളുമായി കളത്തിലെത്തിയപ്പോള്‍ ആദ്യ മിനുറ്റുകളില്‍ നെതര്‍ലന്‍ഡ്‌സ് ടീം ആക്രമണത്തില്‍ മുന്നിട്ടുനിന്നു. ഡീപേയും ഗാപ്‌കോയും അടങ്ങുന്ന നെത‍ര്‍ലന്‍ഡ്‌സ് മുന്‍നിര ഇടയ്ക്കിടയ്ക്ക് അര്‍ജന്‍റീനന്‍ ഗോള്‍മുഖത്തേക്ക് പാഞ്ഞെത്തിക്കൊണ്ടിരുന്നു. പക്ഷേ ആദ്യ 45 മിനുറ്റുകളില്‍ ഒരു ഷോട്ട് പോലും ടാര്‍ഗറ്റിലേക്ക് പായിക്കാന്‍ ഡച്ച് താരങ്ങള്‍ക്കായില്ല. 22-ാം മിനുറ്റില്‍ അര്‍ജന്‍റീനന്‍ സൂപ്പര്‍ താരം ലിയോണല്‍ മെസിയുടെ 25 യാര്‍ഡ് അകലെ നിന്നുള്ള ഷോട്ട് ബാറിന് മുകളിലൂടെ പോയി. 33-ാം മിനുറ്റില്‍ ഡീ പോളിന്‍റെ ദുര്‍ബലമായ ഷോട്ട് ഗോളി പിടികൂടി. 

എന്നാല്‍ ആദ്യപകുതി സമനിലയിലേക്ക് എന്ന് കരുതിയിരിക്കേയാണ് 35-ാം മിനുറ്റില്‍ നെതര്‍ലന്‍ഡ്‌സ് പ്രതിരോധത്തെ കബളിപ്പിച്ച് മെസി മറിച്ചുനല്‍കിയ പന്തില്‍ മൊളീന ഫിനിഷ് ചെയ്തത്. അര്‍ജന്‍റീനക്കായി മൊളീനയുടെ ആദ്യ ഗോളാണിത്. നെതര്‍ലന്‍ഡ്‌സ് പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ പന്തിനെ കാലുകൊണ്ട് തഴുകി നീങ്ങിയ മെസി ഒരൊറ്റ നിമിഷം ചരിഞ്ഞുള്ള നോട്ടം കൊണ്ട് മൊളീനയിലേക്ക് പന്തടയാളം കൈമാറുകയായിരുന്നു. വിര്‍ജില്‍ വാന്‍ ഡൈക്ക് എന്ന വമ്പന്‍ പ്രതിരോധക്കാരന് തരിമ്പുപോലും ഇടനല്‍കാതെ മൊളീന പന്ത് വലയിലേക്ക് പായിച്ചു. ഇതോടെ അര്‍ജന്‍റീന 1-0ന് മുന്നിലെത്തി.

63-ാം മിനുറ്റില്‍ മെസിയുടെ മഴവില്‍ ഫ്രീകിക്ക് ബാറിനെ തൊട്ടുരുമി കടന്നുപോയി. മെസിയുടെ ഊഴം വരുന്നതെയുണ്ടായിരുന്നുള്ളൂ. 72-ാം മിനുറ്റില്‍ അക്യൂനയെ ബോക്‌സില്‍ വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഡച്ച് ഗോളി ആന്ദ്രേസ് നോപ്പെര്‍ട്ടിനെ വെറും നോക്കുകുത്തിയാക്കി അനായാസം മെസി വലയിലെത്തിച്ചു.

Related Articles