ഖത്തർ ലോകകപ്പ്: ഇംഗ്ലീഷ് സ്വപ്നങ്ങളെ തളച്ച് ഫ്രാന്‍സ് സെമിയില്‍

  • 10/12/2022



ദോഹ: ഖത്തര്‍ ലോകകപ്പിനെ ത്രസിപ്പിച്ച പോരാട്ടത്തില്‍ ഇംഗ്ലീഷ് സ്വപ്നങ്ങളെ തളച്ച് ഫ്രാന്‍സ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിന്‍റെ സ്വപ്നങ്ങളെ ഫ്രഞ്ച് പട ക്വാര്‍ട്ടറില്‍ അവസാനിപ്പിച്ചത്. ഫ്രാന്‍സിനായി ചൗമെനി, ജിറൂദ് എന്നിവരാണ് ഗോളുകള്‍ നേടിയത്. ഇംഗ്ലണ്ടിന്‍റെ ആശ്വാസ ഗോള്‍ പെനാല്‍റ്റിയിലൂടെ നായകന്‍ ഹാരി കെയ്ന്‍ സ്വന്തമാക്കി. ഒരു ഗോളിന് പിന്നില്‍ നിന്നപ്പോള്‍ ലഭിച്ച പെനാല്‍റ്റി ഹാരി കെയ്ന് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കാതെ പോയതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. സെമിയില്‍ ഫ്രാന്‍സ് മൊറോക്കോയെ നേരിടും.

ആദ്യ പകുതിയുടെ പതിനേഴാം മിനിറ്റിൽ ഔറേലിയൻ ചുമേനിയുടെ ഗോളിലാണ് നിലവിലെ ചാമ്പ്യൻമാർ മുന്നിൽ എത്തിയത്. അന്റോയ്ൻ ഗ്രീസ്മന്റെ പാസിൽ നിന്നായിരുന്നു ചൗമേനിയുടെ ഗോൾ. ബോക്‌സിന് പുറത്ത് നിന്നുള്ള അത്യുഗ്രൻ ഷോട്ട് ഇംഗ്ലണ്ട് പോസ്റ്റിനുള്ളിലേക്ക്. ഈ ലോകകപ്പിൽ ഗ്രീസ്മൻ സൃഷ്ടിക്കുന്ന 16–ാമത്തെ ഗോളവസരമാണിത്. ഇതോടെ ലയണൽ മെസ്സിക്കൊപ്പമെത്തി താരം. 2014 ലോകകപ്പിന് ശേഷം ബോക്സിനു പുറത്തുനിന്ന് ഇംഗ്ലണ്ട് വഴങ്ങുന്ന ആദ്യ ഗോളാണ് ചൗമേനിയുടേത്. ഈ ലോകകപ്പിൽ ബോക്സിനു പുറത്തുനിന്ന് ഫ്രാൻസ് നേടുന്ന ആദ്യ ഗോളും ഇതുതന്നെ.

52 ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ഹാരി കെയിൻ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. ഫ്രാൻസ് ബോക്‌സിനുള്ളിൽ സാക്കയെ വീഴ്ത്തിയത്തിനാണ് ഇംഗ്ലണ്ടിന് അനുകൂലമായി പെനാൽറ്റി വിധിച്ചത്. ഫ്രാൻസിനായി ലക്ഷ്യം കണ്ട ചൗമേനിയാണ് സാക്കയെ ഫൗൾ ചെയ്തത്. 

ഒലിവിയർ ജിറൂദിന്റെ ഹെഡറിലാണ് ഫ്രാന്‍സ് 78ാം മിനിറ്റില്‍ ലീഡ് തിരിച്ചു പിടിച്ചു. ഫ്രഞ്ച് ബോക്സിൽ ഹാരി കെയിൻ നയിച്ച നീക്കങ്ങൾ പലതും അവസാന ലക്ഷ്യത്തിനരികെ നിർഭാഗ്യം വഴിമുടക്കി. ഒരു ഗോൾ പിന്നിൽ നിൽക്കെ 84ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി നായകന്‍ ഹാരി കെയിൻ പുറത്തേക്കടിച്ചത് ഇംഗ്ലണ്ട് താരങ്ങള്‍ക്കും ആരാധകര്‍ക്കും ഒരുപോലെ അവിശ്വസനീയമായിരുന്നു.

Related Articles