ദോഹ: ക്രൊയേഷ്യയെ നിഷ്പ്രഭമാക്കി അര്‍ജന്റീന ഫൈനലില്‍. 2018-ലെ ലോകകപ്പിലേറ്റ തോല്‍വിക്ക് അതേ നാണയത്തില്‍ തിരിച്ചടിച്ച് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ക്രൊയേഷ്യയെ കീഴടക്കി അര്‍ജന്റീന.ആദ്യ പകുതിയുടെ തുടക്കത്തില്‍ പന്തടക്കത്തില്‍ കൂടുതല്‍ മികവ് പുലര്‍ത്തിയ ക്രൊയേഷ്യയെ അര്‍ജന്റീന ഞെട്ടിച്ചത് കളിയുടെ 34-ാം മിനിറ്റിലാണ്. അല്‍വാരസിനെ പെനാല്‍റ്റി ബോക്സില്‍ വെച്ച് ക്രൊയേഷ്യന്‍ ഗോളി ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി മെസി അനായാസമായി ഗോളാക്കി മാറ്റി. ഈ ഗോളിന്റെ ഞെട്ടല്‍ മാറുംമുന്‍പേ അര്‍ജന്റീന അടുത്തവെടി പൊട്ടിച്ചു. മെസി നല്‍കിയ പാസ് ഗ്രൗണ്ടിന്റെ മധ്യഭാഗത്തുവെച്ച് സ്വീകരിച്ച അല്‍വാരസ് പന്തുമായി ഒറ്റയ്ക്ക് മുന്നേറി പ്രതിരോധതാരങ്ങളെയെല്ലാം കബളിപ്പിച്ച് ഒടുവില്‍ ഗോള്‍കീപ്പറേയും മറികടന്ന് വലകുലുക്കിയപ്പോള്‍ ലുസെയ്ല്‍ സ്റ്റേഡിയം ആര്‍ത്തിരമ്പി.ഇതോടെ കളിയില്‍ അര്‍ജന്റീന മേധാവിത്വം പുലര്‍ത്തി. 69-ാം മിനിറ്റില്‍ മെസിയുടെ ലോകോത്തരമായ അമ്പരപ്പിക്കുന്ന പാസിലൂടെ അല്‍വാരസ് തന്നെ നേടിയ ഗോള്‍ അര്‍ജന്റീനയുടെ വിജയമുറപ്പിക്കുന്നതായിരുന്നു. ഡിസംബര്‍ 18, ഞായറാഴ്ച രാത്രി മെസിയും സംഘവും ലൂസെയ്ല്‍ സ്റ്റേഡിയത്തിലേക്കെത്തുന്നത് കിരീടധാരണത്തിനാകുമോ. ആ കിരീടധാരണത്തിനായ് പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് മെസി ആരാധകരും അര്‍ജന്റീനയും
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?