സാമ്പാറില്‍ കലക്കിയ കായം ഒരു വിദേശിയായിരുന്നോ! ഇന്ത്യയില്‍ ആദ്യമായി കൃഷി ആരംഭിച്ചു

  • 22/10/2020

കായം ഇല്ലാത്ത സാമ്പാര്‍ അല്ലെങ്കില്‍ രസം പലര്‍ക്കും ചിന്തിക്കാന്‍ പോലും പറ്റാത്ത ഒരു കാര്യമാണ്. രുചിക്ക് മാത്രമല്ല കായത്തിന് ഗുണവും ഏറെയാണ്. അതിനാല്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ഭക്ഷണങ്ങളില്‍ കായം ഒരു പ്രധാനപ്പെട്ട ഘടകമാണ്. എന്നാല്‍ കായം ഒരു വിദേശിയാണെന്ന സത്യം പലര്‍ക്കും അറിയില്ല. ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് ഇന്ത്യയിലേക്ക് കായം ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയില്‍ പ്രാദേശികമായി വളരാത്തതിനാലാണ് ഇത്തരത്തില്‍ ഇറക്കുമതി ചെയ്യേണ്ടിവരുന്നത്. ഏതാണ്ട് ഒരു വര്‍ഷം 900 കോടിയുടെ കായമാണ് ഇന്ത്യയ്ക്ക് വേണ്ടത്. 

ഇപ്പോള്‍ ആദ്യമായി ഇന്ത്യയിലും കായത്തിന്റെ കൃഷി ആരംഭിച്ചിരിക്കുകയാണ്. ഹിമാചല്‍ പ്രദേശിലാണ് കൃഷി ആരംഭിച്ചിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ബയോറിസോഴ്‌സ് ടെക്‌നോളജിയാണ് കായത്തിന്റെ കൃഷിക്ക് നേതൃത്വം നല്‍കുന്നത്. ഇതിനായുള്ള ഗവേഷണങ്ങള്‍ 2016 ല്‍ തന്നെ ഇവര്‍ ആരംഭിച്ചിരുന്നു. ഏകദേശം അഞ്ച് ഹെക്ടര്‍ സ്ഥലത്താണ് കായത്തിന്റെ തൈകള്‍ നട്ട് പിടപ്പിച്ചിരിക്കുന്നത്. നല്ല് തണുപ്പുള്ള സ്ഥലങ്ങളില്‍ മാത്രമെ കായത്തിന്റെ കൃഷി സാധ്യമാകൂ എന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അംഗങ്ങള്‍ പറയുന്നു.

Related Articles