ജീവിതകാലം മുഴുവന്‍ വെള്ളത്തില്‍ ജീവിക്കുന്ന മനുഷ്യര്‍; അറിയാം ബജാവുകളുടെ നാടിനെക്കുറിച്ച്

  • 12/10/2020

പൗരത്വമില്ലാതെ മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെ കടലിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരു ഗോത്ര വിഭാഗം. ഇവര്‍ ജീവിക്കുന്നതും മരിക്കുന്നതും വെള്ളത്തിലാണ്. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമെങ്കിലും അങ്ങനെ ഒരു കൂട്ടം മനുഷ്യരും ഈ ലോകത്ത്  ജീവിക്കുന്നുണ്ട്. അവരാണ് ബജാവുകള്‍. കടലില്‍ നിന്നും മീന്‍ പിടിച്ചാണ് ഇവര്‍ ഉപജീവന മാര്‍ഗം കണ്ടെത്തുന്നത്. പരമ്പരാഗതമായി പകര്‍ന്നു കിട്ടിയ അറിവുകള്‍ ഉപയോഗിച്ചാണ് ഇവര്‍ സ്രാവുകളെയും മറ്റും പിടിക്കുന്നത്.  ബോട്ടിനോട് ചേര്‍ന്നുള്ള ചെറുതോണിയില്‍ ഇരുന്ന് ചൂട്ടയിട്ട് സ്രാവുകളെ പിടിച്ച് കുന്തം കുത്തി ബോട്ടില്‍ ഇടുകയാണ് ഇവരുടെ രീതി. 

തെക്കന്‍ ഫിലിപ്പൈന്‍സില്‍നിന്നുദ്ഭവിച്ച ആസ്‌ട്രോനേഷ്യന്‍ വര്‍ഗ്ഗത്തില്‍പ്പെട്ട ഇവര്‍ കെട്ടുവള്ളങ്ങള്‍ പോലെയുള്ള വീടുകള്‍ ഉണ്ടാക്കി വെള്ളത്തില്‍ തന്നെയാണ് താമസിക്കുന്നത്. തടികൊണ്ടുണ്ടാക്കിയ പെരാഹു എന്ന വള്ളത്തിലാണ് ഇവര്‍ കടലിലൂടെ സഞ്ചരിക്കുന്നത്. സാധനങ്ങള്‍ വാങ്ങുന്നതിന് ബാര്‍ട്ടര്‍ സംവിധാനമാണ് ഇവര്‍ പിന്‍തുടരുന്നത്. കരയില്‍ വന്ന് വിറക്, ധാന്യങ്ങള്‍ എന്നിവ വാങ്ങിച്ച് പകരം മത്സ്യം നല്‍കും. ഇന്തോനേഷ്യയുടെ കിഴക്കന്‍ പ്രദേശത്തും സെലെബിസിലും ഉത്തര പൂര്‍വ്വ ബോര്‍ണ്ണിയോയിലും ഫിലിപ്പൈന്‍സിലെ മിന്ദനാവോയിലും സുലു ഉപദ്വീപിലും  കാണാന്‍ സാധിക്കുന്ന ബജാവുകളെ കടല്‍ വേട്ടക്കാര്‍, കടല്‍ ജിപ്‌സികള്‍ എന്നും വിളിക്കാറുണ്ട്.

Related Articles