ഡല്‍ഹി ലോക്സഭാ സീറ്റ് വിഭജനത്തില്‍ ധാരണ ; ഇന്‍ഡ്യ മുന്നണിയിലെ തര്‍ക്കങ്ങള്‍ അവസാനിക്കുന്നു

  • 17/08/2023

ഡല്‍ഹി: ഇൻഡ്യ മുന്നണിയിലെ തര്‍ക്കങ്ങള്‍ അവസാനിക്കുന്നു. ഡല്‍ഹി ലോക്സഭാ സീറ്റ് വിഭജനത്തില്‍ ധാരണയില്‍ എത്തിയതായി കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഇൻഡ്യ മുന്നണിയുടെ അടുത്ത യോഗത്തില്‍ പങ്കെടുക്കുമെന്നും ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി. 


അടുത്തവര്‍ഷം ലോക്സഭ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ 7 മണ്ഡലങ്ങളിലും തങ്ങള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബയുടെ പ്രസ്താവനയാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ഇൻഡ്യ മുന്നണിയിലെ തുടര്‍ച്ചകള്‍ക്ക് ഇനി സ്ഥാനമില്ലെന്നും കോണ്‍ഗ്രസ് അപ്രമാദിത്വം സ്ഥാപിക്കാൻ ശ്രമിക്കുന്നുവെന്നും ആം ആദ്മി പാര്‍ട്ടി വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിനു പിന്നാലെ ആം ആദ്മി പാര്‍ട്ടിയുമായി മല്ലികാര്‍ജുൻ ഖാര്‍ഗെയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് മഞ്ഞുരുകല്‍ സാധ്യമായത്. അല്‍ക്ക ലാംബയുടെ പ്രസ്താവന വ്യക്തിപരമായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയെന്നും ഡല്‍ഹി മന്ത്രിസഭയിലെ അംഗം കൂടിയായ സൗരഭ് ഭരദ്വാജ് വ്യക്തമാക്കി.

ഇൻഡ്യ മുന്നണി തകര്‍ച്ചയുടെ വക്കിലാണെന്ന് ബിജെപി സമൂഹമാധ്യമം അക്കൗണ്ടുകള്‍ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. പാര്‍ട്ടി അംഗങ്ങളോട് സംയമനം പാലിക്കണം എന്ന് ആവശ്യപ്പെട്ട ആം ആദ്മി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ഗോപാല്‍ റായ്, മുംബൈയില്‍ നടക്കാനിരിക്കുന്ന ഇന്ത്യ മുന്നണിയുടെ മൂന്നാം യോഗത്തില്‍ താൻ പങ്കെടുക്കുമെന്നും വ്യക്തമാക്കി.

Related News