കുട്ടിയോട് ക്രൂരത, നടപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍

  • 29/08/2023

ദില്ലി: മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോര്‍ട്ട് തേടി. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്. മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഇതനുസരിച്ച്‌ നാലാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിക്കും പൊലീസ് ഡയറക്ടര്‍ ജനറലിനുമാണ് കമ്മീഷൻ നോട്ടീസ് അയച്ചിട്ടുള്ളത്.


അധ്യാപികക്കെതിരെ സ്വീകരിച്ച നടപടി, വിഷയത്തില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്‍റെ വിവരങ്ങളും, കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കല്‍, കൂടാതെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ സ്വീകരിച്ച/നിര്‍ദ്ദേശിച്ച നടപടികള്‍ അറിയിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ മാപ്പപേക്ഷയുമായി അധ്യാപിക രംഗത്ത് വന്നിരുന്നു. തെറ്റ് പറ്റി പോയെന്ന് തൃപ്ത ത്യാഗി പറഞ്ഞു.

കുട്ടി പഠിക്കണമെന്ന് മാത്രമായിരുന്നു ഉദ്ദേശ്യം. കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് കുട്ടികളോട് അടിക്കാൻ നിര്‍ദ്ദേശിച്ചതെന്നും അധ്യാപിക പറഞ്ഞു. അതേസമയം, സംഭവത്തെ തുടര്‍ന്ന് സ്കൂള്‍ അടച്ചുപൂട്ടാൻ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. അന്വേഷണത്തിന്റെ ഭാഗമായാണ് സ്കൂള്‍ അടച്ചുപൂട്ടാൻ നിര്‍ദേശിച്ചത്.

Related News