കാവേരി നദീജല തര്‍ക്കം; നാളെ കര്‍ണാടകയില്‍ ബന്ദ്, ബെംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ, അതീവ ജാഗ്രത

  • 28/09/2023

തമിഴ്നാടിന് കാവേരി വെള്ളം വിട്ടുനല്‍കാനുള്ള ഉത്തരവിനെതിരെ കന്നട അനുകൂല സംഘടനകള്‍ ആഹ്വാനം ചെയ്ത കര്‍ണാടക ബന്ദ് നാളെ നടക്കാനിരിക്കെ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി പൊലീസ്. ബെംഗളൂരുവില്‍ ബന്ദ് അനുവദിക്കില്ലെന്നും നഗരത്തില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തുമെന്നും ബെംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ ബി. ദയാനന്ദ പറഞ്ഞു.

ഇന്ന് അര്‍ധരാത്രി മുതല്‍ വെള്ളിയാഴ്ച അര്‍ധരാത്രി വരെ 24 മണിക്കൂറായിരിക്കും ബെംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രാബല്യത്തിലുണ്ടാകുക. നഗരത്തില്‍ പ്രതിഷേധ റാലിയോ മറ്റു പ്രതിഷേധ പരിപാടികളോ അനുവദിക്കില്ല. അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടി നില്‍ക്കാനും പാടില്ല. പ്രതിഷേധക്കാര്‍ക്ക് ഫ്രീഡം പാര്‍ക്കില്‍ ധര്‍ണ്ണ നടത്താം.

ബന്ദ് ആഹ്വാനം ചെയ്തവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. സംഘടനകളോ രാഷ്ട്രീയ പാര്‍ട്ടികളോ ബന്ദ് പ്രഖ്യാപിച്ചാല്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളെയും സ്വകാര്യ വസ്തുക്കള്‍ നശിപ്പിക്കുന്നതിനെയും കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ദയാനന്ദ പറഞ്ഞു. ബന്ദിന് ആഹ്വാനം ചെയ്യുന്നവര്‍ അതെതുടര്‍ന്നുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് സര്‍ക്കാരിനോ പൗരന്മാര്‍ക്കോ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവാദിത്വമുണ്ടെന്നും ദയാനന്ദ കൂട്ടിചേര്‍ത്തു.

സംസ്ഥാന വ്യാപകമായുള്ള ബന്ദായതിനാല്‍ തന്നെ ബെംഗളൂരുവിന് പുറമെ മറ്റു ജില്ലകളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു.

Related News