ചായക്കടയില്‍ നിന്ന് പണം മോഷ്ടിച്ചെന്നാരോപണം, 12കാരനെ നഗ്നനാക്കി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു

  • 02/10/2023

ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ റോഡരികിലെ ചായക്കടയില്‍ നിന്ന് പണം മോഷ്ടിച്ചെന്ന് ആരോപിച്ച്‌ 12 വയസ്സുകാരനെ തൂണില്‍ കെട്ടി നഗ്‌നനാക്കി മര്‍ദിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പൊലീസെത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ആള്‍ക്കൂട്ടം ആരോപണം ഉന്നയിച്ചുകൊണ്ട് മര്‍ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങള്‍ വഴി നിരവധി ആളുകള്‍ ഷെയര്‍ ചെയ്തു. 

പൊലീസ് രക്ഷപ്പെടുത്തിയ കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയനാക്കിയതിന് ശേഷം വീട്ടിലേക്ക് തിരിച്ചയച്ചു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റു ചെയ്തതായി പൊലീസ് വ്യക്തമാക്കി. കൈയിലും പുറത്തും കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിച്ചതിനെത്തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി കുട്ടിയെ രക്ഷപ്പെടുത്തിയത്.

മകനെ ഒരു കൂട്ടം ആളുകള്‍ ഉപദ്രവിക്കുന്നുവെന്ന് മനസിലായതിനെത്തുടര്‍ന്നാണ് സംഭവ സ്ഥലത്തെത്തിയത്. കുട്ടി മോഷ്ടിച്ച പണം എവിടെയെന്ന് താന്‍ ചോദിച്ചെങ്കിലും ആരും തന്നോട് മറുപടി പറഞ്ഞില്ലെന്നും ചെരുപ്പും കല്ലും ഉപയോഗിച്ച്‌ വീണ്ടും അവര്‍ ഉപദ്രവിക്കുകയായിരുന്നുവെന്നും കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. 

Related News