ഐ എസ് ഭീകരൻ ഷാനവാസ് ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ടു, പരീക്ഷണ സ്ഫോടനങ്ങള്‍ നടത്തി: ദില്ലി പൊലീസ്

  • 02/10/2023

ദില്ലി: ഇന്നലെ പിടിയിലായ ഐഎസ് ഭീകരൻ ഷാനവാസ് ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ടെന്ന് ദില്ലി പൊലീസ്. പല സംസ്ഥാനങ്ങളിലായി പരീക്ഷണ സ്ഫോടനങ്ങള്‍ സംഘം നടത്തി. പാക് ചാരസംഘടനയുടെ സഹായം ഭീകരര്‍ക്ക് കിട്ടിയെന്നും പൊലീസ് പറയുന്നു. 


മുംബൈ, ഗുജറാത്ത്, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലെ വിവിഐപികളെയും രാഷ്ട്രീയ നേതാക്കളെയും ഷാനവാസ് ലക്ഷ്യമിട്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഇവരുടെ യാത്രാ വഴികളില്‍ ഐഇഡി സ്ഫോടനമായിരുന്നു ലക്ഷ്യം. ദില്ലി, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ പരീക്ഷണാര്‍ത്ഥം സ്ഫോടനങ്ങള്‍ നടത്തി. പാക് ഐഎസ്‌ഐയുടെ സഹായത്തോടെ ദില്ലിയില്‍ സ്ഫോടന പരമ്ബരകള്‍ക്കും പദ്ധതിയിട്ടു. എന്നിട്ട് അഫ്ഗാനിലേക്ക് പോകാനായിരുന്നു പദ്ധതിയെന്നും പൊലീസ് പറയുന്നു.

ഷാനവാസടക്കം മൂന്നു പേരുടെ ചോദ്യംചെയ്യല്‍ തുടരുകയാണ്. കോടതി ആറ് ദിവസത്തെ കസ്റ്റഡിയിലാണ് ഇവരെ വിട്ടത്. പ‍‍‍‍ഠനകാലത്ത് ഇവര്‍ ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായെന്നാണ് പൊലീസ് പറയുന്നത്. ജയ്പൂരില്‍ നിന്നാണ് ഷാനവാസും സംഘവും പിടിയിലായത്. ഇയാള്‍ കേരളത്തിലും എത്തിയെന്ന് ദില്ലി പൊലീസ് സ്പെഷ്യല്‍ സെല്‍ ഇന്നലെ പറഞ്ഞു. കേരളത്തിലെ വനമേഖലയില്‍ താമസിച്ച ഷാനവാസും സംഘവും ഐഎസ് പതാക വെച്ച്‌ ചിത്രങ്ങള്‍ എടുത്തതായും ഈ ചിത്രങ്ങള്‍ കണ്ടുകിട്ടിയതായും സ്പെഷ്യല്‍ സെല്‍ വ്യക്തമാക്കി. കേസില്‍ അറസ്റ്റിലായ മൂന്ന് പേരും ബിടെക്ക് ബിരുദധാരികളാണ്.

Related News