പ്രളയക്കെടുതിയില്‍ സിക്കിം; മരണസംഖ്യ 44 ആയി, 142 പേരെ കാണാനില്ല; നാലാം ദിവസവും തെരച്ചില്‍ ഊര്‍ജ്ജിതം

  • 07/10/2023

ദില്ലി: സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ സംഖ്യ വീണ്ടും ഉയര്‍ന്നു. ഇതുവരെ 44 പേരാണ് പ്രളയത്തില്‍ മരിച്ചതെന്നാണ് കണക്കുകള്‍ പുറത്തുവരുന്നത്. 142 പേരെ കാണാനില്ല. നാലാം ദിവസവും തെരച്ചില്‍ തുടരുകയാണ്. ബംഗാള്‍ അതിര്‍ത്തിയില്‍നിന്നും 6 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.


പ്രതികൂല കാലാവസ്ഥ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നുവെന്നും അധികൃതര്‍ പറഞ്ഞു. അവശ്യ സാധനങ്ങള്‍ പോലും ലഭിക്കാതെ നിരവധി പേരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. സിക്കിമിലെ സ്ഥിതി ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണ്. 

പ്രളയത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായധനമായി നാലു ലക്ഷം രൂപയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ടു പോയവരെ രക്ഷപ്പെടുത്താന്‍ ഹെലികോപ്ടറുകള്‍ ഉപയോഗിക്കാനും സൈന്യം തീരുമാനിച്ചിട്ടുണ്ട്. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 7000 പേരെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം രക്ഷപ്പെടുത്താനാണ് നിലവിലെ പദ്ധതി. 

പ്രളയത്തില്‍ മരിച്ച ഏഴു സൈനികരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. സംസ്ഥാനത്തിന് 44.8 കോടിയുടെ കേന്ദ്രസഹായവും നേരത്തെ പ്രഖ്യാപിച്ചിരുന്നു. കാണാതായ നൂറിലേറെ പേര്‍ക്കായി നാലാം ദിവസവും തെരച്ചില്‍ തുടരുകയാണ്. കൂടുതല്‍ കേന്ദ്രസേന അടക്കം സംസ്ഥാനത്തേക്ക് എത്തിച്ച്‌ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ചുങ്താങ്ങില്‍ തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്ന 14 പേരെ രക്ഷിക്കാനുള്ള ശ്രമവും തുടരുകയാണ്. ഇതിനായി ദേശീയ ദുരന്ത നിവാരണ സേന ഇവിടെ എത്തിയിട്ടുണ്ട്. സിക്കിമില്‍ ദുരന്തമുണ്ടായ മേഖലകളില്‍ മഴ കുറഞ്ഞത് രക്ഷാപ്രവര്‍ത്തനത്തിന് വേഗത കൂട്ടിയിട്ടുണ്ട്.

Related News