ഇസ്രയേലിനെ അനുകൂലിക്കുന്ന ഇന്ത്യൻ നയം തിരുത്തണമെന്ന് ഇടത് പാര്‍ട്ടികള്‍; വെടിനിറുത്തല്‍ ആവശ്യപ്പെടണമെന്ന് ഡി രാജ

  • 18/10/2023

ഇസ്രയേലിനെ അനുകൂലിക്കുന്ന ഇന്ത്യൻ നയം തിരുത്തണമെന്ന ആവശ്യം ശക്തമാക്കി ഇടതു പാര്‍ട്ടികള്‍. ഗാസയിലെ ആശുപത്രിയില്‍ നടന്ന ബോംബാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ വെടിനിറുത്തല്‍ ഇന്ത്യ ആവശ്യപ്പെടണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ആവശ്യപ്പെട്ടു. ഭീകരവാദത്തിനെതിരെ എന്ന നിലപാട് തല്ക്കാലം തിരുത്തേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യത്തങ്ങള്‍ വ്യക്തമാക്കി.

മധ്യേഷ്യയിലെ സംഘര്‍ഷത്തില്‍ ഇസ്രയേലിനൊപ്പം എന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ രണ്ടു തവണ വ്യക്തമാക്കി. ഇന്ത്യ പക്ഷം പിടിക്കരുതെന്ന് ഇന്ത്യയിലെ പലസ്തീൻ അംബാസഡര്‍ ഇതിനു ശേഷം ആവശ്യപ്പെട്ടു. സംഘര്‍ഷം അവസാനിപ്പിക്കണം എന്ന നിലപാട് ഇതുവരെ ഇന്ത്യ വ്യക്തമാക്കിയിട്ടില്ല. ഇന്നലെ ഗാസയിലെ ആശുപത്രിക്കു നേരെ ഉണ്ടായ ആക്രമണം അറബ് രാജ്യങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ യുദ്ധത്തെ അനുകൂലിക്കുന്ന നയം തിരുത്തണമെന്നാണ് ഇടതുപാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്

പലസ്തീൻ അംബാസറെ കണ്ട് ഡി രാജ ഉള്‍പ്പടെയുള്ള നേതാക്കള്‍ കഴിഞ്ഞ ദിവസം ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷത്തെ ഇന്ത്യ സഖ്യത്തിന് ഇക്കാര്യത്തില്‍ യോജിച്ച പ്രസ്താവന ഇറക്കാനായിട്ടില്ല. കോണ്‍ഗ്രസിനുള്ളിലും നയത്തെക്കുറിച്ച്‌ അഭിപ്രായ വ്യത്യാസമുണ്ട്. പാര്‍ട്ടികള്‍ ഒന്നിച്ചു ചേര്‍ന്ന് നയം ആലോചിക്കണം എന്ന വികാരം ശക്തമാകുകയാണ്. അതേസമയം തല്ക്കാലം നിലപാട് മാറ്റാനില്ല എന്ന സൂചനയാണ് കേന്ദ്രസര്‍ക്കാര്‍ നല്കുന്നത്.

Related News