മണല്‍ക്കടത്ത് തടയാൻ ശ്രമിച്ച സബ് ഇൻസ്‌പെക്ടറെ ട്രാക്ടര്‍ കയറ്റികൊന്ന് മണ്ണ് മാഫിയ

  • 14/11/2023

മണല്‍ക്കടത്ത് തടയാൻ ശ്രമിച്ച പൊലീസ് സബ് ഇൻസ്പെക്ടറെ ട്രാക്ടര്‍ കയറ്റികൊലപ്പെടുത്തി മണ്ണ് മാഫിയ. ബീഹാറിലെ ജാമുയി മഹൂലിയ തണ്ട് ഗ്രാമത്തിലാണ് സംഭവം. യുവ സബ് ഇൻസ്പെക്ടറായ പ്രഭാത് രഞ്ജനാണ് മരിച്ചത്. അനധികൃതമായി ഖനനം ചെയ്ത മണല്‍ കടത്തുകയായിരുന്ന സംഘത്തെയാണ് സബ് ഇൻസ്പെക്ടര്‍ തടയാൻ ശ്രമിച്ചത്. സംഭവത്തില്‍ ഹോം ഗാര്‍ഡുള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിവാൻ ജില്ലക്കാരനായ പ്രഭാത് രഞ്ജൻ ഗാര്‍ഹി പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ്. ആക്രമണത്തിന് പിന്നാലെ ഇൻസ്പെക്ടറെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

അതിനിടെ സംഭവത്തില്‍ പ്രതികരിച്ച ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖറിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇത്തരം സംഭവങ്ങള്‍ പുതുമയുള്ള കാര്യമല്ലെന്നും ഉത്തര്‍പ്രദേശിലും മദ്ധ്യപ്രദേശിലും ഇങ്ങനെയുള്ള സംഭവങ്ങള്‍ മുൻപും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നുമാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്. അതേതമയം, കേസിലെ പ്രതികള്‍ക്ക് ശിക്ഷ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

പ്രഭാത് രഞ്ജന് നാല് വയസുള്ള ഒരു മകള്‍ ഉണ്ട്. കുറച്ച്‌ ദിവസം മുൻപാണ് ഇദ്ദേഹത്തിന് ഒരു മകൻ ജനിച്ചത്. പ്രസവത്തെ തുടര്‍ന്ന് ഭാര്യ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Related News