വിസ കച്ചവടം, മൂന്ന് വർഷം വരെ തടവും10,000 ദിനാര്‍ വരെ പിഴയും; പുതിയ റെസിഡൻസി നിയമത്തിന് സർക്കാർ അന്തിമ രൂപം

  • 02/12/2023

 


കുവൈത്ത് സിറ്റി: പാർലമെന്‍ററി ഇന്റീരിയർ, ഡിഫൻസ് കമ്മിറ്റിയുടെ അവലോകനം പ്രതീക്ഷിച്ച് സർക്കാർ പുതിയ റെസിഡൻസി നിയമത്തിന് അന്തിമരൂപം നൽകി. നിയമത്തില്‍ കൊണ്ട് വരേണ്ട ഭേദഗതികൾ തയാറാക്കിയിട്ടുണ്ട്. അടുത്ത മാസം സഭയിൽ നിന്ന് പുതിയ നിയമത്തിന് അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. വിദേശികളുടെ പ്രവേശനം, നാടുകടത്തൽ, ഇഖാമ വ്യാപാരം, പിഴകൾ എന്നിവയ്ക്കുള്ള ചട്ടങ്ങൾ വിവരിക്കുന്ന ഏഴ് അധ്യായങ്ങളിലായി 37 ഇനങ്ങളാണ് ഈ നിർദ്ദേശത്തിൽ ഉൾപ്പെടുന്നത്.

കൂടാതെ, വിദേശികളെ വിവാഹം കഴിച്ച കുവൈത്തി സ്ത്രീകൾക്ക് അവരുടെ ഭർത്താക്കന്മാരെയും കുട്ടികളെയും സ്പോൺസർ ചെയ്യാനുള്ള അവകാശം നിയമം നൽകുന്നു. വിദേശികളുടെ താമസം റിപ്പോർട്ട് ചെയ്യാൻ ഹോട്ടലുകളെയും അപ്പാർട്ട്‌ഹോട്ടലുകളെയും നിർബന്ധമാക്കും. അതേസമയം മന്ത്രിതല തീരുമാനം റെസിഡൻസി പെർമിറ്റുകൾക്കും പുതുക്കലുകൾക്കും എല്ലാ എൻട്രി വിസകൾക്കുമുള്ള ഫീസ് നിർണ്ണയിക്കും. ചൂഷണം ചെയ്യുന്ന ഇഖാമ വ്യാപാരം നിരോധിക്കുകയും ലംഘിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവും 5,000 കുവൈത്തി ദിനാര്‍ മുതൽ 10,000 കുവൈത്തി ദിനാര്‍ വരെ പിഴയും ചുമത്തുകയും ചെയ്യുന്നു.

പൊതുതാൽപ്പര്യം, പൊതു സുരക്ഷ, പൊതു ധാർമ്മികത അല്ലെങ്കിൽ നിയമപരമായ വരുമാനത്തിന്റെ അഭാവം എന്നിവ ചൂണ്ടിക്കാട്ടി വിദേശികളെ, റസിഡൻസി പെർമിറ്റ് ഉള്ളവരെപ്പോലും നാടുകടത്താൻ ആഭ്യന്തര മന്ത്രിക്ക് അധികാരം നൽകുന്നതാണ് നിർദ്ദിഷ്ട നിയമം. നാടുകടത്തൽ തീരുമാനങ്ങളിൽ ആശ്രിതർ ഉൾപ്പെട്ടേക്കാം, നാടുകടത്തപ്പെട്ട വ്യക്തിക്ക് പരമാവധി 30 ദിവസത്തേക്ക് ജയിലിൽ അടയ്ക്കാം, നാടുകടത്തൽ പ്രക്രിയയ്ക്ക് ആവശ്യമെങ്കിൽ അത് നീട്ടാവുന്നതാണ്. കുവൈത്തിൽ നിന്ന് നാടുകടത്തപ്പെട്ട വിദേശികളെ ആഭ്യന്തര മന്ത്രിക്ക് പിഴയിൽ നിന്ന് ഒഴിവാക്കാം.

Related News