'സ്ത്രീകളോട് കടുത്ത വിരോധം'; 16കാരിയെ രാസവസ്തുവെറിഞ്ഞ് ആക്രമിച്ചു, പ്രായപൂര്‍ത്തിയാകാത്ത പ്രതി അറസ്റ്റില്‍

  • 28/01/2024

സ്ത്രീകളോടുള്ള വിരോധം തീർക്കാൻ 16കാരിയായ പെണ്‍കുട്ടിക്ക് നേരെ രാസവസ്തു എറിഞ്ഞ് ആക്രമണം. കഴിഞ്ഞയാഴ്ച വടക്കൻ ദില്ലിയിലെ ബുരാരിയിലാണ് സംഭവം. 16 വയസ്സുള്ള പെണ്‍കുട്ടിയെ സ്കൂള്‍ വിദ്യാർഥി രാസവസ്തു ഉപയോഗിച്ച്‌ ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടികളോട് പൊതുവായ വിരോധം പ്രകടിപ്പിക്കാനാണ് വിദ്യാർഥി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുമായി വിദ്യാർഥിക്ക് യാതൊരു ബന്ധമോ മുൻപരിചയമോ ഇല്ലെന്നും പൊലീസ് പറഞ്ഞു. പ്രതിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു. ജനുവരി 24 ന് ഉച്ചയ്ക്ക് ഒരു മണിക്ക് ബന്ധുവിനെ സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകാൻ വന്ന സമയത്താണ് സംഭവം നടന്നതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

ശാസ്ത്രി പാർക്ക് എക്സ്റ്റൻഷനില്‍ പെണ്‍കുട്ടി എത്തിയപ്പോള്‍ അവളുടെ മുഖത്തേക്ക് പൊള്ളലുണ്ടാക്കുന്ന രാസവസ്തു എറിയുകയായിരുന്നു. ഉടൻ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. സിസിടിവി ദൃശ്യങ്ങള്‍ വിശകലനം ചെയ്ത ശേഷമാണ് പൊലീസ് പ്രതിയായ ആണ്‍കുട്ടിയിലേക്കെത്തുന്നത്. ആക്രമിച്ച ശേഷം കുട്ടി ഒരുകിലോമീറ്ററോളം ഓടി. ദൃശ്യങ്ങളില്‍ മുഖം വ്യക്തമല്ലെങ്കിലും വസ്ത്രധാരണം കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് കുട്ടി പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. 

Related News