യുജിസിയുടെ സംവരണ നയത്തില്‍ രാഹുല്‍ ഗാന്ധി നുണ പറയുന്നു: കോണ്‍ഗ്രസിനെ വിമര്‍ശിച്ച്‌ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

  • 29/01/2024

സംവരണനയത്തിലെ മാറ്റത്തിനായുളള യുജിസി കരട് രേഖയുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നുണപ്രചരണം നടത്തുന്നുവെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. കേന്ദ്ര സർവകലാശാലകളിലെ സംവരണ തസ്തികകളില്‍ പരമാവധി നിയമനം നടന്നിട്ടുണ്ടെന്ന് പറഞ്ഞ കേന്ദ്രമന്ത്രി, ദളിത് - പിന്നോക്ക വിരുദ്ധ സമീപനം കോണ്‍ഗ്രസിനാണെന്നും കേന്ദ്ര സർക്കാർ എല്ലാ വിഭാഗത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുന്നുണ്ടെന്നും പറഞ്ഞു.

യുജിസിയുടെ കരട് രേഖ രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസ് രംഗത്ത് വന്നതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനെ വിമര്‍ശിക്കുന്നത്. നിലവിലുളള സംവരണം നിർത്തലാക്കാനുളള ബിജെപി ശ്രമമാണ് യുജിസി നിർദേശത്തിനു പിന്നിലെന്നാണ് രാഹുല്‍ ഗാന്ധി വിമർശിച്ചത്. രാജ്യത്തെ 45 സർവകലാശാലകളിലായി 3000- ത്തിലധികം സംവരണ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്നും ഇത് നികത്താത്തത് ബിജെപിയുടെ കപടമുഖം വ്യക്തമാക്കുന്നുവെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. 

എന്നാല്‍ ഒരൊറ്റ സംവരണ സീറ്റു പോലും പുതിയ നിര്‍ദ്ദേശം മൂലം ഇല്ലാതാകില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തെ സംവരണനയത്തില്‍ കാതലായ മാറ്റം നിദേശിച്ച്‌ ഒരു മാസം മുൻപിറക്കിയ കരട് രേഖയാണ് വിവാദമായത്. സംവരണ തത്വങ്ങള്‍ അട്ടിമറിക്കാനുളള നീക്കമെന്നാണ് യുജിസിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ഉയരുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക - അനധ്യാപക സംവരണ തസ്തികകള്‍ ഒഴിഞ്ഞു കിടന്നാല്‍ അത് ജനറല്‍ വിഭാഗത്തിലേക്ക് പരിഗണിക്കണമെന്നായിരുന്നു നിർദേശം.

ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അധ്യാപക സംഘടനകളും വിദ്യാർത്ഥി സംഘടനകളും പ്രതിഷേധവുമായെത്തി. ഇതോടെ യുജിസി പ്രതിരോധത്തിലുമായി. പിന്നാലെ യുജിസി ചെയർമാൻ വിശദീകരണവുമായി രംഗത്തെത്തി. അന്തിമ മാർഗ നിർദേശങ്ങളില്‍ സംവരണം ഒഴിവാക്കുന്ന നിർദ്ദേശമില്ലെന്ന് യുജിസി ചെയർമാൻ എം ജഗദീഷ് കുമാർ പറഞ്ഞു.

Related News