'രാത്രിക്കു രാത്രി തന്നെ ആരാധനയ്ക്കു സൗകര്യമൊരുക്കി'; ഗ്യാന്‍വാപി വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയില്‍

  • 01/02/2024

വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദു വിഭാഗത്തിന് പൂജ നടത്താന്‍ അനുമതി നല്‍കിയ കോടതി വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചു. വാരാണസി ജില്ലാ കോടതി വിധിക്കെതിരെ അന്‍ജുമാന്‍ ഇന്‍തെസാമിയ മസ്ജിദ് കമ്മിറ്റിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. 

ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കകം ഹിന്ദു വിഭാഗത്തിന് ആരാധനയ്ക്ക് സൗകര്യം ഒരുക്കാനാണ് കോടതി നിര്‍ദേശിച്ചത്. എന്നാല്‍ കോടതി വിധി വന്ന്, രാത്രിക്കു രാത്രി തന്നെ ആരാധനയ്ക്കുള്ള സൗകര്യമൊരുക്കാനാണ് ഭരണകൂടം നടപടികള്‍ സ്വീകരിക്കുന്നത്.

ഭരണകൂടം ഹിന്ദു ഹര്‍ജിക്കാരുമായി ഒത്തുകളിക്കുകയാണെന്നും മസ്ജിദ് കമ്മിറ്റി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഹര്‍ജി ലിസ്റ്റ് ചെയ്യാന്‍ വിസമ്മതിച്ച സുപ്രീംകോടതി രജിസ്ട്രാര്‍, അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ മസ്ജിദ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു.

Related News