മുതിർന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പുരസ്കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെയാണ് പുരസ്കാര വിവരം പ്രഖ്യാപിച്ചത്. നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്ട്രീയക്കാരനാണ് അദ്വാനിയെന്ന് മോദി എക്സില്‍ പോസ്റ്റ് ചെയ്തു.
ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ മഹത്തരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അദ്വാനി ജിക്ക് ഭാരതരത്നം നല്‍കുമെന്ന കാര്യം പങ്കുവെക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാൻ അദ്ദേഹത്തോട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു- മോദി പറഞ്ഞു.
അടല്‍ ബിഹാരി വാജ്‌പേയി സർക്കാരില്‍ ഉപപ്രധാനമന്ത്രിയായിരുന്നു അദ്വാനി. 1970 മുതല്‍ 2019 വരെ പാർലമെൻ്റിൻ്റെ ഇരുസഭകളിലും അംഗമായിരുന്നു. താഴേത്തട്ട് മുതല്‍ ഉപപ്രധാനമന്ത്രി എന്ന നിലയില്‍ വരെ രാഷ്ട്രത്തെ സേവിച്ച ജീവിതമാണ് അദ്വാനിയുടേതെന്നും മോദി പറഞ്ഞു. അദ്ദേഹത്തിൻ്റെ പാർലമെൻ്ററി ഇടപെടലുകള്‍ മാതൃകാപരവും ഉള്‍ക്കാഴ്ചകള്‍ നിറഞ്ഞതുമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങില്‍ അദ്വാനിയുടെ അസാന്നിധ്യം ചർച്ചയായിരുന്നു. വാർധക്യ സഹജമായ ബുദ്ധിമുട്ടുകളാല്‍ അദ്വാനിയോട് ചടങ്ങിനെത്തരുതെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിക്കുകയായിരുന്നു. വിഎച്ച്‌പി അദ്വാനിയെ വീട്ടിലെത്തി ക്ഷണിച്ചെങ്കിലും അദ്ദേഹം ചടങ്ങിനെത്തിയില്ല.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?