അമിത്ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചെന്ന് പരാതി; ഭാരത് ജോഡോ ന്യായ് യാത്ര നിര്‍ത്തി രാഹുല്‍ നാളെ കോടതിയിലേക്ക്

  • 19/02/2024

അമിത് ഷായ്ക്കെതിരായ പരാമർശത്തില്‍ ബിജെപി നേതാവ് നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നാളെ കോടതിയില്‍ ഹാജരാകും. ഉത്തർപ്രദേശിലെ സുല്‍ത്താൻപൂരിലെ കോടതിയിലാണ് രാഹുല്‍ ഹാജരാകുക. 2018 ല്‍ കർണാടകയില്‍ വച്ച്‌ അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ വിളിച്ചുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

ബിജെപി നേതാവ് വിജയ് മിശ്രയാണ് രാഹുല്‍ഗാന്ധിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിലാണ് രാഹുല്‍ കോടതിയിലെത്തുന്നത്. ഇതിനായി ഭാരത് ജോഡോ ന്യായ് യാത്ര ഉച്ചയക്ക് 2 മണി വരെ നിര്‍ത്തിവെക്കുമെന്നാണ് വിവരം. 

ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ഇന്നലെ രാഹുല്‍ വയനാട്ടിലും എത്തിയിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെയായിരുന്നു രാഹുല്‍ ഗാന്ധി എംപിയുടെ വയനാട് സന്ദർശനം. ബേലൂർ മഖ്നയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലാണ് രാഹുല്‍ ആദ്യമെത്തിയത്. വന്യജീവി പ്രശ്നങ്ങള്‍ കുടുംബം രാഹുല്‍ ഗാന്ധിയോട് പങ്കുവെച്ചു. വീണ്ടും വന്യജീവി ആക്രമണങ്ങള്‍ ഉണ്ടാകുന്നതില്‍ ദുഃഖമുണ്ടെന്ന് അജീഷിൻ്റെ കുടുംബം പ്രതികരിച്ചു. വയനാട്ടില്‍ ചികിത്സ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തണം. വയനാട്ടിലെ മെഡിക്കല്‍ കോളേജ് മികച്ചത് എങ്കില്‍ മറ്റൊരു മരണം കൂടി ഉണ്ടാകില്ലായിരുന്നുവെന്നും കൊല്ലപ്പെട്ട അജിഷിന്റെ മകള്‍ പറഞ്ഞു. 

Related News