കര്‍ഷക സമരം: അതിര്‍ത്തിയില്‍ പൊലീസ് നടപടിയില്‍ പരിക്കേറ്റ ഒരു കര്‍ഷകൻ കൂടി മരിച്ചു

  • 23/02/2024

പഞ്ചാബ് അതിർത്തിയില്‍ ഹരിയാന പോലീസിൻ്റെ നടപടിയില്‍ പരിക്കേറ്റ ഒരു കർഷകൻ കൂടി മരിച്ചു. ബട്ടിൻഡ സ്വദേശി ദർശൻ സിംഗ് ആണ് മരിച്ചത്. ഖനൗരി അതിർത്തിയിലെ പോലീസിൻ്റെയും കെന്ദ്രൻസേനയുടെയും നടപടിയില്‍ ദർശൻ സിംഗ് പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്നുവെന്നും, ഇന്നലെ അർദ്ധ രാത്രി മരിച്ചുവെന്നും കർഷക നേതാക്കള്‍ പറഞ്ഞു.

ഇതോടെ ചലോ ദില്ലി മാർച്ചില്‍ മരിച്ച സമരക്കാരുടെ എണ്ണം അഞ്ചായി എന്ന് കർഷക സംഘടനകള്‍ അറിയിച്ചു. യുവ കർഷകൻ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഹരിയാന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാതെ പോസ്റ്റ് മോർട്ടം നടത്താൻ അനുവദിക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞു. തുടർ സമരം എങ്ങനെയെന്ന് രാത്രി കർഷക നേതാക്കള്‍ പ്രഖ്യാപിക്കും. 

പഞ്ചാബില്‍ കർഷക സമരം നാള്‍ക്കുനാള്‍ ശക്തമാവുകയാണ്. ഖനൗരി അതിർത്തിയില്‍ മൂന്നും ശംഭു അതിർത്തിയില്‍ രണ്ടും വീതം കർഷകരാണ് ഇതുവരെ മരിച്ചത്. സമരക്കാരെ തടഞ്ഞ 3 ഹരിയാന പോലീസ് ഉദ്യോഗസ്ഥർ മരിച്ചെന്നും നിരവധി പേർക്ക് പരിക്കേറ്റു എന്നും ഹരിയാന പോലീസ് അറിയിച്ചു.

Related News