രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കൂറുമാറ്റ ഭീതി; അഖിലേഷ് വിളിച്ച യോഗത്തില്‍ 8 സമാജ്‌വാദി പാര്‍ട്ടി എംഎല്‍എമാര്‍ വിട്ടുനിന്നു

  • 26/02/2024

ഉത്തർപ്രദേശിലെ പത്ത് സീറ്റിലും ഹിമാചല്‍പ്രദേശിലെ ഒരു സീറ്റിലും ഇന്ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കും. ഉത്തർപ്രദേശില്‍ ബിജെപിക്ക് ഏഴും സമാജ്‌വാദി പാർട്ടിക്ക് മൂന്നും സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനുള്ള അംഗസംഖ്യ നിയമസഭയില്‍ ഉണ്ട്. എന്നാല്‍ എട്ടാമത്തെ സ്ഥാനാർത്ഥിയായി ബിജെപി മുൻ എസ് പി നേതാവ് സഞ്ജയ് സേത്തിനെ മത്സരിപ്പിക്കുകയാണ്. സമാജ് വാദി പാർട്ടിയിലെ 10 എംഎല്‍എമാർ തങ്ങള്‍ക്കൊപ്പം ആണെന്നാണ് ബിജെപി അവകാശവാദം. 

കൂറുമാറ്റ ഭീതി ഉയര്‍ന്ന സാഹചര്യത്തില്‍ സമാജ്‌വാദി പാര്‍ട്ടി എംഎല്‍എമാരുടെ യോഗം അഖിലേഷ് യാദവ് വിളിച്ചെങ്കിലും എട്ട് എംഎല്‍എമാര്‍ യോഗത്തില്‍ നിന്നു വിട്ടുനിന്നു. എംഎല്‍എമാരെ എല്ലാവരെയും ഫോണില്‍ വിളിക്കാനുള്ള ശ്രമത്തിലാണ് അഖിലേഷ് യാദവ്.

ഹിമാചല്‍പ്രദേശിലെ ഒരു സീറ്റിലും ഇന്ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കും. കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായ അഭിഷേക് സിങ്‌വിയും ബിജെപി സ്ഥാനാർത്ഥിയായ ഹർഷ് മഹാജനും തമ്മിലാണ് ഇവിടെ മത്സരം. രാവിലെ 9 മുതല്‍ വൈകിട്ട് നാലു വരെയാണ് വോട്ടെടുപ്പ്. അഞ്ച് മണിക്കാണ് വോട്ടെണ്ണല്‍ നടക്കുക. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച 56 ല്‍ 41 സീറ്റുകളിലും എതിരില്ലാതെ സ്ഥാനാർത്ഥികള്‍ വിജയിച്ചിരുന്നു.

Related News