സ്ത്രീകള്‍ക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍, 200 യൂണിറ്റ് വൈദ്യുതി ഫ്രീ; മഹാലക്ഷ്മി, ഗൃഹജ്യോതി പദ്ധതി തുടങ്ങി

  • 27/02/2024

തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച രണ്ട് ക്ഷേമപദ്ധതികള്‍ കൂടി നടപ്പിലാക്കി സംസ്ഥാന സർക്കാർ. സ്ത്രീകള്‍ക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ നല്‍കുന്ന മഹാലക്ഷ്മി പദ്ധതിയും ഒരു മാസം ആദ്യത്തെ 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുന്ന ഗൃഹജ്യോതി പദ്ധതിയും നിലവില്‍ വന്നു. 

40 ലക്ഷം സ്ത്രീകള്‍ക്ക് മഹാലക്ഷ്മി സ്കീമിന്‍റെ ഗുണഫലം ലഭിക്കും. തെലങ്കാനയിലെ കോണ്‍ഗ്രസ് സർക്കാരിന്‍റെ ആറ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്. വെള്ള റേഷൻ കാർഡ് ഉടമകള്‍ക്കാണ് ഗുണഫലം ലഭിക്കുക. ഡിസംബർ 28 നും ജനുവരി 6 നും ഇടയില്‍ നടന്ന പ്രജാപാലനത്തില്‍ അപേക്ഷ സമർപ്പിച്ചവർക്കാണ് റീഫില്ലിന് 500 രൂപ നിരക്കില്‍ എല്‍പിജി ഗാർഹിക സിലിണ്ടർ വിതരണം ചെയ്യുക. കഴിഞ്ഞ മൂന്ന് വർഷത്തെ ശരാശരി സിലിണ്ടർ ഉപഭോഗം പരിശോധിച്ചാണ് എത്ര സിലിണ്ടറുകള്‍ നല്‍കണമെന്ന് തീരുമാനിക്കുക. പ്രജാപാലന പോർട്ടല്‍ വഴിയാണ് സിലിണ്ടർ വിതരണത്തിന് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. 

സ്ത്രീ ശാക്തീകരണം, പുക രഹിത പാചകം എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ ആവശ്യമായ തുക മുൻകൂറായി ഓയില്‍ മാർക്കറ്റിംഗ് കമ്ബനികള്‍ക്ക് (ഒഎംസി) പ്രതിമാസം കൈമാറും. അർഹരായവർക്കെല്ലാം പദ്ധതിയുടെ ഗുണഫലം ഉറപ്പാക്കാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി.

Related News