വാഹനം ഓടിക്കൊണ്ടിരിക്കെ റോഡ് ഇടിഞ്ഞു താഴ്ന്നു, രൂപപ്പെട്ടത് വൻ ഗര്‍ത്തം, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

  • 03/03/2024

ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ റോഡ് ഇടിഞ്ഞ് താഴ്ന്നു. റോഡില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടാണ് ആഘാത ഗര്‍ത്തമായി മാറിയത്. ലഖ്‌നൗവിലെ വികാസ് നഗറിലായിരുന്നു സംഭവം. 20 അടിയോളം താഴ്ചയുള്ള ആഘാത ഗര്‍ത്തമാണ് റോഡിന്‍റെ മധ്യഭാഗത്തായി രൂപപ്പെട്ടത്. ഇതോടൊപ്പം റോഡില്‍ വലിയ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്. വലിയ ആഘാതമായ ഗര്‍ത്തത്തില്‍ വീഴാതെ കാര്‍ യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

സംഭവം നടക്കുമ്ബോള്‍ റോഡിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്നുണ്ടായിരുന്നു. ഇതിനിടെയാണ് റോഡ് ഇടിഞ്ഞുതാഴ്ന്നത്. റോഡിലൂടെ പോവുകയായിരുന്ന ഒരു കാറിന്‍റെ മുന്‍ഭാഗം കടന്നുപോയെങ്കിലും പിന്‍ ടയറുകള്‍ ഗര്‍ത്തത്തിലേക്ക് വീണു വീണില്ല എന്ന നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സുമെത്തിയാണ് കാര്‍ സ്ഥലത്തുനിന്ന് നീക്കിയത്.

ഏറെ വാഹനത്തിരക്കേറിയ റോഡിലാണ് സംഭവം. റോഡ് കൂടുതല്‍ ഇടിയാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. പൊലീസെത്തി റോഡ് ബാരിക്കേഡ് ഉപയോഗിച്ച്‌ അടച്ചിട്ടുണ്ട്. ഇന്ന് ലഖ്‌നൗവില്‍ വൻ തോതില്‍ മഴ പെയ്തിരുന്നു. സംഭവത്തെ പറ്റി അന്വേഷിക്കുമെന്ന് ഉത്തർപ്രദേശ് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ലഖ്‌നൗവില്‍ ഇത് മൂന്നാം തവണയാണ് റോഡ് ഇടിഞ്ഞുതാഴുന്നത്.

Related News