വന്യമൃഗശല്യം; അന്തര്‍ സംസ്ഥാന സഹകരണ ചാര്‍ട്ടറില്‍ ഒപ്പിട്ട് കേരളവും കര്‍ണാടകവും,

  • 10/03/2024

വന്യമൃഗശല്യം പെരുകിയ സാഹചര്യത്തില്‍ കേരളം , കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ കോർഡിനേഷൻ യോഗം ബന്ദിപ്പൂരില്‍ പൂര്‍ത്തിയായി. ബന്ദിപ്പൂർ ഫോറസ്റ്റ് ഹെഡ് കോർട്ടേഴ്സില്‍ ചേർന്ന യോഗത്തില്‍ കേരള വനം മന്ത്രി എ.കെ.ശശീന്ദ്രൻ, കർണാടക വനം മന്ത്രി ഈശ്വര്‍ ഖണ്‍ഡ്രെ, തമിഴ്നാട്ടില്‍ നിന്ന് മുതുമലൈ ഫീല്‍ഡ് ഡയറക്ടറായ മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ എന്നിവരും മൂന്നു സംസ്ഥാനങ്ങളിലെ മറ്റു വനംവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.വന്യമൃഗ ശല്യം തടയാൻ ഏതെല്ലാം തലത്തില്‍ സഹകരണം സാധ്യമാകും എന്നാണ് യോഗം പ്രധാനമായും വിലയിരുത്തിയത്.

യോഗത്തില്‍ വന്യമൃഗശല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി കേരളവും കര്‍ണാടകവും തമ്മില്‍ അന്തര്‍ സംസ്ഥാന സഹകരണ ചാര്‍ട്ടറില്‍ ഒപ്പിട്ടു.കേരള-കര്‍ണാടക വനം വകുപ്പ് മന്ത്രിമാരാണ് ചാര്‍ട്ടറില്‍ ഒപ്പിട്ടത്. തമിഴ്നാട്ടില്‍നിന്നുള്ള വനം മന്ത്രി എം. മതിവേന്ദൻ യോഗത്തില്‍ എത്താത്തതിനാല്‍ ഒപ്പിട്ടിട്ടില്ല. മന്ത്രി വരാത്തതിനാല്‍ ഒപ്പുവെച്ചില്ലെങ്കിലും തമിഴ്നാടും കരാറിന്‍റെ ഭാഗമായിരിക്കും. വിഭവ വിവരകൈമാറ്റങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് ഉടമ്ബടി.

സംഘർഷ മേഖലകളില്‍ സംയുക്ത ദൗത്യങ്ങള്‍ അതിവേഗത്തില്‍ നടപ്പിലാക്കാനും യോഗത്തില്‍ ധാരണയായി. മൂന്ന് സംസ്ഥാനങ്ങളും നോഡല്‍ ഓഫീസർമാരെ നിയമിച്ചാണ് സഹകരണം ഉറപ്പാക്കുക.ആവശ്യങ്ങള്‍ നേടിയെടുക്കാൻ മൂന്ന് സംസ്ഥാനങ്ങളും ഒരു മിച്ച്‌ കേന്ദ്രത്തെ സമീപിക്കും. കരാറിന്‍റെ ഭാഗമായി വന്യമൃഗശല്യത്തില്‍ വേഗത്തിലുള്ള ഇടപെടലിനും ഏകോപനത്തിനുമായി അന്തര്‍ സംസ്ഥാന ഏകോപന സമിതിയും രൂപവത്കരിക്കും.

Related News