'അതിക്രൂരം'; കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് കുറ്റമല്ലെന്ന വിധിയെ ചോദ്യം ചെയ്ത് സുപ്രീംകോടതി

  • 11/03/2024

കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് കുറ്റമായി കണക്കാക്കില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട കേസില്‍ തമിഴ്‌നാട് പൊലീസിനും കേസിലെ പ്രതികള്‍ക്കും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചു.

കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് പോക്‌സോ, ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കല്‍, വിവരസാങ്കേതിക നിയമം എന്നിവ പ്രകാരം കുറ്റകരമല്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതി വിധി. ഇതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. 

ജനുവരിയിലാണ് മദ്രാസ് ഹൈക്കോടതി ഇത്തരത്തിലൊരു വിധി പുറപ്പെടുവിച്ചത്. ഇത്തരം ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് കുഴപ്പമില്ലെന്നും എന്നാല്‍ അത് പ്രചരിപ്പിക്കുകയോ പരസ്യമായി പ്രദര്‍ശിപ്പിക്കുകയോ ചെയ്യുമ്ബോള്‍ മാത്രമേ കുറ്റകരമാകൂ എന്നുമാണ് മദ്രാസ് ഹൈക്കോടതി വിധിയിലുള്ളത്. ഇത്തരം വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഐടി ആക്‌ട് പ്രകാരം മേല്‍പ്പറഞ്ഞ വകുപ്പില്‍ ഉള്‍പ്പെടില്ലെന്നും വിധിയില്‍ പറയുന്നു. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തതിന് 28 കാരനായ യുവാവിനെതിരായ നടപടികള്‍ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.

Related News