ഇലക്ടറല്‍ ബോണ്ട്: ചെന്നൈ സൂപ്പര്‍ കിങ്സ് എഐഎഡിഎംകെയ്ക്ക് നല്‍കിയത് 5 കോടി, ഡിഎംകെയ്ക്ക് 80 ശതമാനവും മാര്‍ട്ടിൻ വക

  • 17/03/2024

ഡിഎംകെയ്ക്ക് ഇലക്ടറല്‍ ബോണ്ടിലൂടെ കിട്ടിയ സംഭാവനയില്‍ 80 ശതമാനവും നല്‍കിയത് സാന്‍റിയാഗോ മാർട്ടിൻ. ഡിഎംകെയ്ക്ക് ആകെ കിട്ടിയ 656.5 കോടിയില്‍ 509 കോടിയും മാർട്ടിന്‍റെ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടല്‍ സർവീസസ് കമ്ബനിയാണ് നല്‍കിയത്. 2020നും 2023നും ഇടയിലെ ബോണ്ടുകളുടെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. മാർട്ടിൻ ആകെ വാങ്ങിയ 1368 കോടിയുടെ ഇലക്ടല്‍ ബോണ്ടില്‍ 37 ശതമാനമാണ് ഡിഎംകെയുടെ അക്കൌണ്ടിലെത്തിയത്. 

മേഘ ഇൻഫ്രാസ്ട്രക്ചർ, ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പർ കിംഗ്സ്, സണ്‍ ടിവി, രാംകോ സിമന്‍റ്സ് , അപ്പോളോ ഹോസ്പിറ്റല്‍സ് എന്നിവരും ഡിഎംകെയ്ക്ക് സംഭാവന നല്‍കിയിട്ടുണ്ട്. തമിഴ്നാട്ടിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ എഐഎഡിഎംകെയ്ക്ക് ആകെ ലഭിച്ച 6 കോടിയില്‍ അഞ്ച് കോടിയും നല്‍കിയത് ചെന്നൈ സൂപ്പർ കിങ്സാണ്.

2017- 18 സാമ്ബത്തിക വർഷത്തില്‍ ബിജെപിക്ക് കിട്ടിയത് 500 ബോണ്ടുകളാണ്. 500 ബോണ്ടുകളിലൂടെ 210 കോടി കിട്ടി. അതേസമയം 2019ലെ തെരഞ്ഞെടുപ്പിന് മുൻപ് ബിജെപിക്ക് കിട്ടിയത് 1450 കോടിയുടെ ബോണ്ടാണ്. ഇതേ കാലയളവില്‍ കോണ്‍ഗ്രസിന് കിട്ടിയത് 383 കോടിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. സുപ്രീംകോടതിയില്‍ മുദ്രവെച്ച കവറില്‍ നല്‍കിയ വിവരങ്ങളാണ് പുറത്തുവിട്ടത്. 

Related News