മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ 100 ദിന പദ്ധതിയൊരുക്കാൻ മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി പ്രധാനമന്ത്രി

  • 17/03/2024

2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ തുടർഭരണമുണ്ടാകുമെന്ന ആത്മവിശ്വാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്നാം മോദി സർക്കാരിന്റെ ആദ്യ 100 ദിവസത്തെ കർമപദ്ധതികളുടെ രൂപരേഖ തയ്യാറാക്കാൻ അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം പ്രധാനമന്ത്രി സൂചിപ്പിച്ചതായാണ് റിപ്പോർട്ടുകള്‍.

സെക്രട്ടറിമാരും മറ്റ് ഉദ്യോഗസ്ഥരുമായി ചേർന്ന് അടുത്ത ബി.ജെ.പി സർക്കാരിന്റെ ആദ്യ 100 ദിവസത്തേക്കുള്ള പദ്ധതികള്‍ ചർച്ച ചെയ്യാനാണ് മന്ത്രിമാർക്ക് പ്രധാനമന്ത്രി നല്‍കിയ നിർദേശം. തുടർന്ന് അടുത്ത അഞ്ച് വർഷത്തേക്കുള്ള പ്രവർത്തന മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടതായാണ് സൂചന.

ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പുറത്തുവന്നതിന് പിന്നാലെയാണ് ഞായറാഴ്ച പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ യോഗം ചേർന്നത്. ഏഴ് ഘട്ടങ്ങളിലായിട്ടായിരിക്കും ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുക. പൊതുതിരഞ്ഞെടുപ്പിന്റെ തീയതികള്‍ ഔദ്യോഗികമായി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അറിയിക്കുന്നതിനുള്ള നടപടിയും മന്ത്രിസഭ സ്വീകരിച്ചു.

ഏപ്രില്‍ 19-ന് ആരംഭിച്ച്‌ ജൂണ്‍ ഒന്നു വരെ ഏഴ് ഘട്ടങ്ങളിലായിട്ടായിട്ടാണ് 543 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. ജൂണ്‍ നാലിന് ആണ് വോട്ടെണ്ണല്‍.

Related News