'ഇന്ത്യ തിളങ്ങുന്നു' മുദ്രാവാക്യത്തിന്‍റെ അവസ്ഥയാകും 'മോദിയുടെ ഗ്യാരണ്ടിക്ക്',2004 ആവര്‍ത്തിക്കുമെന്ന് ഖര്‍ഗെ

  • 19/03/2024

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. 2004ലെ ബിജെപിയുടെ ഇന്ത്യ തിളങ്ങുന്നു മുദ്രാവാക്യത്തിന്‍റെ അവസ്ഥയാകും മോദിയുടെ ഗ്യാരണ്ടി മുദ്രാവാക്യത്തിനെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഖര്‍ഗെ വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയുടെയും, പ്രിയങ്ക ഗാന്ധിയുടെയും സ്ഥാനാര്‍ത്ഥിത്വമടക്കം ചര്‍ച്ച ചെയ്യാന്‍ തെരഞ്ഞെടുപ്പ് സമിതി വൈകീട്ട് യോഗം ചേരും.

അധികാര കസേരയില്‍ അവകാശവാദം സ്ഥാപിച്ച്‌ ബിജെപി. മോദിയുടെ ഗ്യാരണ്ടി പോലെ ഇന്ത്യ തിളങ്ങുന്നുവെന്ന മുദ്രാവാക്യം. അഭിപ്രായ സര്‍വേകളെല്ലാം എന്‍ഡിഎക്കനുകൂലം. എന്നാല്‍ ഫലം വന്നപ്പോള്‍ സംഭവിച്ചത് മറിച്ച്‌. 2004ല്‍ ബിജെപി പരാജയം രുചിച്ച അതേ സാഹചര്യം ആവര്‍ത്തിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പങ്കുവച്ച ആത്മവിശ്വാസം.

മോദിയുടെ ഗ്യാരണ്ടിയെ നേരിടാന്‍ കോണ്‍ഗ്രസ് മുന്നോട്ട് വച്ചിരിക്കുന്ന 5 ന്യായ് പദ്ധതികളുമായി ഇറങ്ങുന്ന പ്രകടനപത്രിക പരമാവധി ആളുകളിലെത്തിക്കണമെന്ന് ഖര്‍ഗെ നിര്‍ദ്ദേശിച്ചു. സ്ത്രീകള്‍, യുവാക്കള്‍, ഉദ്യോഗാര്‍ത്ഥികള്‍, കര്‍ഷകര്‍, പിന്നാക്കവിഭാഗങ്ങള്‍ എന്നിവര്‍ക്കായി രാഹാുല്‍ പ്രഖ്യാപിച്ച ന്യായ് പദ്ധതികളാണ് കോണ്‍ഗ്രസ് പ്രകടനപത്രികയുടെ ഹൈലൈറ്റ്.

ഇതൊടൊപ്പം ജാതിസെന്‍സ്, പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കല്‍ തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ട്. ഇന്നോ നാളെയോ പ്രകടന പത്രിക പുറത്തിറക്കും. അതേ സമയം അവശേഷിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ വൈകുന്നേരം ചേരുന്ന തെരഞ്ഞെടുപ്പ് സമിതിയില്‍ തീരുമാനിച്ചേക്കും.

Related News