ഇലക്ടറൽ ബോണ്ട്; സുപ്രിം കോടതി എസ്ബിഐക്ക് നൽകിയിട്ടുള്ള സമയപരിധി ഇന്ന് അവസാനിക്കും

  • 21/03/2024

ഇലക്ടറൽ ബോണ്ട് വിഷയത്തിൽ സുപ്രിം കോടതി എസ്ബിഐക്ക് നൽകിയിട്ടുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇലക്ട്രിക്കൽ ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പ്രസിദ്ധീകരിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണം എന്നതാണ് സുപ്രിം കോടതി നിർദേശം. നിർദ്ദേശം പാലിച്ച് സത്യമാ മൂലം സമർപ്പിക്കാനും എസ്ബിഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് പാർട്ടിക്കാണ് ബോണ്ടുകൾ ലഭിച്ചതെന്ന് തിരിച്ചറിയാനുള്ള ആൽഫ ന്യൂമറിക് നമ്പറുകൾ ഉൾപ്പെടെ വെളിപ്പെടുത്തണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. വ്യാഴാഴ്ച അഞ്ചുമണിക്ക് മുൻപ് എസ്ബിഐ ചെയർമാനും മാനേജിംഗ് ഡയറക്ടറും സുപ്രിം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കണം. 

എസ്ബിഐയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എസ്ബിഐ പുറത്തുവിട്ട വിവരങ്ങൾ പൂർണ്ണമല്ലെന്ന് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ സുപ്രിം കോടതി വിമർശിച്ചിരുന്നു. ''എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്തേണ്ടതുണ്ടെന്ന് വിധിയിൽ വ്യക്തമാണ്...സെലക്ടീവായിരിക്കരുത്. ഇലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ട് നിങ്ങളുടെ കൈവശമുള്ള എല്ലാ വിവരങ്ങളും വെളിപ്പെടുത്തണം. രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയല്ല നിങ്ങൾ ഹാജരാകുന്നതെന്ന് ഞങ്ങൾ അനുമാനിക്കുന്നു. ഈ കോടതിയുടെ വിധി അനുസരിക്കാൻ എസ്ബിഐ ബാധ്യസ്ഥനാണ്'' - കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.

തെരഞ്ഞെടുപ്പു ബോണ്ടുകൾ സംബന്ധിച്ചു നൽകിയ വിവരങ്ങൾ പൂർണമല്ലെന്നു ചൂണ്ടിക്കാട്ടി സുപ്രിം കോടതി നേരത്തേ എസ്ബിഐക്കു നോട്ടിസ് നൽകിയിരുന്നു. കോടതി ആവശ്യപ്പെട്ടാൽ മാത്രം ചില വിവരങ്ങൾ നൽകാം എന്ന നിലപാടാണ് എസ്ബിഐക്കുള്ളത്. അതിനായി കാത്തിരിക്കേണ്ടതില്ല. എല്ലാ വിവരങ്ങളും കൈമാറണം എന്നു കോടതി ആവശ്യപ്പെട്ടാൽ എല്ലാ വിവരങ്ങളും എല്ലാ വിവരങ്ങളും നൽകിയേ മതിയാകൂ എന്നും കോടതി പറഞ്ഞിരുന്നു.

Related News