'സിബിഐയുടെ രാഷ്ട്രീയക്കളി ചില നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍, തടയണം'; തെരഞ്ഞെടുപ്പ് കമ്മീഷന് മഹുവയുടെ പരാതി

  • 24/03/2024

അന്വേഷണത്തിന്‍റെ പേരില്‍ സിബിഐ രാഷ്ട്രീയം കളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ തടസപ്പെടുത്താനാണ് സിബിഐ ശ്രമിക്കുന്നത്. സിബിഐ പ്രർത്തിക്കുന്നത് രാഷ്ട്രീയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ്. നിയമവിരുദ്ധവും അനുചിതവുമായ നീക്കങ്ങളാണ് നടക്കുന്നതെന്നും മഹുവ നല്‍കിയ പരാതിയില്‍ പറയുന്നു.

പെരുമാറ്റച്ചട്ടം നിലവില്‍ ഉള്ളപ്പോള്‍ അന്വേഷണ ഏജന്‍സികളുടെ പ്രവർത്തനത്തിന് പ്രത്യേക മാർഗനിർദേശം വേണമെന്നും തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കടുത്ത നടപടി ഉണ്ടാകാൻ പാടില്ലെന്നും മഹുവ മൊയ്ത്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു. ലോക്സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാൻ പണം വാങ്ങിയെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം സിബിഐ മഹുവയുടെ വസതിയില്‍ റെയ്ഡ് നടത്തിയിരുന്നു.

പശ്ചിമബംഗാളിലെ കൃഷ്ണനഗറില്‍ സ്ഥാനാർത്ഥിയായിരിക്കെയാണ് മഹുവയുടെ വസതിയില്‍ പരിശോധന നടന്നത്. മഹുവയുടെ കൊല്‍ക്കത്തയിലെ വസതിയിലും കൃഷ്ണനഗറിലെ അപ്പാർട്മെന്റിലും പിതാവ് താമസിക്കുന്ന മറ്റൊരു അപ്പാർട്മെന്‍റിലുമായിരുന്നു സിബിഐ റെയ്ഡ് നടത്തിയത്. ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് മഹുവയ്ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. 

Related News