പ്രാര്‍ഥന കഴിഞ്ഞിറങ്ങിയ 9കാരനെ തട്ടിക്കൊണ്ടുപോയി കൊന്നു, ചോദിച്ചത് 23 ലക്ഷം, തയ്യല്‍ക്കാരൻ അറസ്റ്റില്‍

  • 25/03/2024

9 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ തയ്യല്‍ക്കാരൻ അറസ്റ്റില്‍. 23 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടാണ് ഇബാദ് എന്ന ഒൻപത് വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തന്‍റെ വീട് നിർമാണത്തിന് പണം കണ്ടെത്താനാണ് പ്രതി ഈ കൊടുംക്രൂരത ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ സല്‍മാൻ മൌലവി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം നടന്നത്. 

ഞായറാഴ്ച വൈകുന്നേരമാണ് താനെയിലെ ബദ്‌ലാപൂരിലെ ഗോരെഗാവ് ഗ്രാമത്തില്‍ ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. പള്ളിയിലെ പ്രാർത്ഥന കഴിഞ്ഞ് എത്തേണ്ട സമയമായിട്ടും കുട്ടി തിരിച്ചുവരാതിരുന്നതോടെ വീട്ടുകാർ പരിഭ്രാന്തരായി തിരച്ചില്‍ തുടങ്ങി. അതിനിടെ ഇബാദിൻ്റെ പിതാവ് മുദ്ദാസിറിന് ഒരു കോള്‍ വന്നു. മകനെ മോചിപ്പിക്കണമെങ്കില്‍ 23 ലക്ഷം നല്‍കണം എന്ന് ആവശ്യപ്പെട്ടായിരുന്നു കോള്‍. പക്ഷേ കുട്ടി എവിടെയാണെന്നോ പണം എവിടെ എത്തിക്കണമെന്നോ വിളിച്ചയാള്‍ പറഞ്ഞില്ല.

ഇബാദിനെ കണ്ടെത്താൻ പൊലീസും നാട്ടുകാരും ഗ്രാമമാകെ അരിച്ചുപെറുക്കി തെരച്ചില്‍ തുടങ്ങി. അതിനിടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ ആള്‍ കോള്‍ ചെയ്ത സിം മാറ്റിയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ തട്ടിക്കൊണ്ടുപോയ ആളുടെ ലൊക്കേഷൻ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞു. സല്‍മാൻ മൌലവി എന്ന തയ്യല്‍ക്കാരന്‍റെ വീടായിരുന്നു അത്. വീട് വളഞ്ഞ് പൊലീസ് തെരച്ചില്‍ നടത്തി. പക്ഷേ കുട്ടിയെ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം ചാക്കില്‍ വീടിന്‍റെ പുറകില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സല്‍മാനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related News