'മോദിയുടേത് മാച്ച്‌ ഫിക്സിങ്, കരുതലോടെ വോട്ട് രേഖപ്പെടുത്തണം; 400 സീറ്റ് ബിജെപിക്ക് ലഭിച്ചാല്‍ ഭരണഘടന മാറ്റുമെന്നാണ് പറഞ്ഞിരിക്കുന്നത്'

  • 31/03/2024

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യാ സഖ്യ റാലിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ ഇ ഡി, സിബിഐ തുടങ്ങിയ ഏജന്‍സികളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു.


പാവപ്പെട്ടവരില്‍നിന്ന് ഭരണഘടനയെ തട്ടിയെടുക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചില കോടീശ്വരന്മാരും ചേര്‍ന്ന് മാച്ച്‌ ഫിക്‌സിങ് നടത്തുകയാണ്. ഭരണഘടന രാജ്യത്തെ ജനങ്ങളുടെ ശബ്ദമാണ്. എന്ന് അത് അവസാനിക്കുന്നോ, അന്ന് ഈ രാജ്യവും ഇല്ലാതാകും. ഇത്തവണ കരുതലോടെ വോട്ട് രേഖപ്പെടുത്തിയില്ലെങ്കില്‍ ഈ മാച്ച്‌ ഫിക്‌സിങ് വിജയിക്കും. അങ്ങനെ സംഭവിച്ചാല്‍ ഭരണഘടന ഇല്ലാതാകും. നാനൂറ് സീറ്റുകള്‍ ലഭിച്ചാല്‍ ഭരണഘടന മാറ്റുമെന്നാണ് ഒരു ബിജെപി നേതാവ് പറഞ്ഞത്.
പ്രധാന പ്രതിപക്ഷ നേതാക്കളെയെല്ലാം കേന്ദ്രം ജയിലില്‍ അടയ്ക്കുകയാണ്. ജിഎസ്ടി, നോട്ടു നിരോധനം എന്നിവ കൊണ്ട് ആര്‍ക്ക് ഗുണം ലഭിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കാനാണ് ഈ പോരാട്ടം. ജാതി സെന്‍സസ്, തൊഴിലില്ലായ്മ, വിലക്കയറ്റം, എന്നീ വിഷയങ്ങളെ കുറിച്ചാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ തകര്‍ത്ത് പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തവണത്തേത് ഇന്ത്യയെ രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Related News