മധ്യപ്രദേശിലെ ഭോപ്പാലില്‍ മലയാളി നഴ്സിനെ കൊലപ്പെടുത്തിയ കേസില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. ഭോപ്പാലിലെ ഗായത്രി വിഹാർ കോളനിയില്‍ താമസിക്കുന്ന മലയാളി നഴ്സ് ടി.എം. മായ(37)യെ കൊലപ്പെടുത്തിയ കേസിലാണ് സുഹൃത്തായ ഉത്തർപ്രദേശ് സ്വദേശി ദീപക് കട്ടിയാർ(31)നെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഹലാല്‍പുർ ബസ് സ്റ്റാൻഡില്‍നിന്നാണ് കസ്റ്റഡിയിലെടുത്തതെന്നും പ്രതി കുറ്റംസമ്മതിച്ചതായും പോലീസ് അറിയിച്ചു.
വ്യാഴാഴ്ച പുലർച്ചെയാണ് മായയെ അബോധാവസ്ഥയില്‍ ദീപക് ആശുപത്രിയിലെത്തിച്ചത്. യുവതി തലചുറ്റി വീണെന്നും പിന്നാലെ അബോധാവസ്ഥയിലായെന്നുമാണ് ദീപക് ഡോക്ടർമാരോട് പറഞ്ഞിരുന്നത്. എന്നാല്‍, ആശുപത്രിയിലെത്തിക്കും മുൻപേ യുവതിയുടെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പോലീസിനെയും വിവരമറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.
യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തല്‍. പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ പ്രതിയും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. യുവതിയുടെ മരണം സംഭവിച്ച് നാല് മണിക്കൂറിന് ശേഷമാണ് പ്രതി മൃതദേഹവുമായി ആശുപത്രിയില്‍ എത്തിയതെന്നും പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ട മായ 11 വയസ്സുള്ള മകനോടൊപ്പം ഭോപ്പാലിലെ ബാവഡിയ കാലാനിലാണ് താമസം. ഇവിടത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് യുവതി ജോലിചെയ്തിരുന്നത്. അഞ്ചുവർഷം മുൻപ് ലാല്‍ഘാട്ടിയിലെ മറ്റൊരു ആശുപത്രിയില്‍ ജോലിചെയ്യുന്നതിനിടെയാണ് മായയും ദീപകും പരിചയപ്പെടുന്നത്. ഇതേ ആശുപത്രിയിലെ അഡ്മിനിസ്ട്രേഷൻ ഇൻ-ചാർജായിരുന്നു പ്രതി.
ഉത്തർപ്രദേശിലെ കാൻപുർ സ്വദേശിയായ ദീപക് ലാല്‍ഘാട്ടിയിലെ ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്. കൊല്ലപ്പെട്ട നഴ്സ് ഈ ഫ്ളാറ്റില്‍ ഇടയ്ക്കിടെ വന്നിരുന്നു. ബുധനാഴ്ച വൈകിട്ടും ദീപക്കിനെ കാണാനായി യുവതി ഫ്ളാറ്റിലെത്തി. തുടർന്ന് ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് കൊലപാതകം നടന്നത്. യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പ്രതി നാലുമണിക്കൂറോളം മൃതദേഹം ഫ്ളാറ്റില്‍ സൂക്ഷിച്ചു. തുടർന്ന് വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചതെന്നും പോലീസ് പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?