കറുത്ത നിറത്തിന്റെ പേരിൽ 18 മാസം പ്രായമുള്ള കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി പിതാവ്

  • 08/04/2024

ആന്ധപ്രദേശിൽ 18 മാസം പ്രായമുള്ള പെൺകുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി പിതാവ്. കറുത്ത നിറത്തിന്റെ പേരിലാണ് കുഞ്ഞിനെ വിഷം കൊടുത്ത് കൊന്നത്. സംഭവത്തിൽ പിതാവ് മഹേഷിനെതിരെ കരേംപുഡി പൊലീസ് കേസെടുത്തു. പ്രതി, പ്രസാദത്തിലാണ് കുട്ടിക്ക് വിഷം ചേർത്ത് നൽകിയത്.

മാർച്ച് 31നാണ് അക്ഷയ എന്ന 18 മാസം പ്രായമുള്ള കുട്ടിയെ അവശനിലയിൽ വീട്ടിൽ കണ്ടെത്തുന്നത്. കുട്ടിയെ മൂക്കിൽ നിന്ന് രക്തം വരുന്ന നിലയിലായിരുന്നു. തുടർന്ന് വീട്ടുകാർ, കരേംപുഡി സർക്കാർ ആശുപത്രിയിൽ കുഞ്ഞിനെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിഷം കൊടുത്തത് മറച്ചുവച്ച മഹേഷ് കുഞ്ഞിന് അസുഖമുണ്ടായിരുന്നെന്ന് പറയാൻ ഭാര്യയെയും നിർബന്ധിച്ചു.

കറുത്ത നിറത്തിൽ കുഞ്ഞ് ജനിച്ചതിൽ മഹേഷ് ഭാര്യയെ നിരന്തരം മർദിക്കാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിനെ പരിചരിക്കാനും അനുവദിക്കാറില്ലായിരുന്നു. വിഷം ഉള്ളിൽച്ചെന്ന് കുഞ്ഞ് മരിച്ചതോടെ പൊലീസ് അന്വേഷണം തുടങ്ങുന്നതിന് മുൻപ് തന്നെ നിർബന്ധിച്ച് കുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകൾ നടത്തിയെന്നും പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ മരണത്തിൽ സംശയം തോന്നിയ മഹേഷിന്റെ ഭാര്യാ വീട്ടുകാരാണ് പൊലീസിനെ സമീപിച്ചത്. വിഷയത്തിൽ ബാലാവകാശ കമ്മിഷനും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Related News