'വർഗീയത ആളിക്കത്തിക്കാൻ മോദി ശ്രമിക്കുന്നു',തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ കോൺഗ്രസ് നീക്കം

  • 08/04/2024

ദില്ലി : പ്രകടനപത്രികയിൽ മുസ്ലീം പ്രീണനമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിനെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്. വർഗീയത ആളിക്കത്തിക്കാൻ മോദി ശ്രമിക്കുന്നുവെന്ന് പരാതി നൽകും. ഉത്തരേന്ത്യയിലെ തെരഞ്ഞെടുപ്പ് റാലികളിലുടനീളം പ്രകടനപത്രിക ആയുധമാക്കി കോൺഗ്രസിനെതിരെ ന്യൂനപക്ഷ പ്രീണനമെന്ന ആക്ഷേപം മോദി കടുപ്പിക്കുകയാണ്. വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ മത്സരത്തിൻറെ പശ്ചാത്തലത്തിലാണ് മുസ്ലീം ലീഗ് നിലപാട് പ്രകടനപത്രികയിലൂടെ കോൺഗ്രസ് പ്രചരിപ്പിക്കുന്നുവെന്ന ആക്ഷേപം മോദി ഏറ്റെടുത്തിരിക്കുന്നത്.

വർഗീയ വിഭജനത്തിനുള്ള കൃത്യമായ അജണ്ടയാണ് പ്രധാനമന്ത്രി നടപ്പാക്കുന്നതെന്ന്  കോൺഗ്രസ് തിരിച്ചടിച്ചു. വർഗീയത പ്രചരിപ്പിച്ച് വോട്ട് നേടാനുള്ള പ്രധാനമന്ത്രിയുടെ നീക്കത്തിനെതിരെ ഉടൻ തെരഞ്ഞടെുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. മോദിക്ക് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും ലീഗ് പ്രീണന ആക്ഷേപം ഏറ്റെടുത്തു. ലീഗിന് കോൺഗ്രസ് കീഴടങ്ങിയെന്നതിൻറെ തെളിവാണ് വയനാട്ടിലെ രാഹുലിൻറെ പ്രചാരണത്തിൽ നിന്ന് കോൺഗ്രസിൻറെ കൊടി ഒഴിവാക്കിയതെന്നും ജെ പി നദ്ദ ആരോപിച്ചു. 

മോദിയുടെ ന്യൂനപക്ഷ വിരുദ്ധത പ്രചാരണ വിഷയമാക്കുമെന്ന് എഐസിസി നേതൃത്വം വ്യക്തമാക്കി. ന്യൂനപക്ഷ മേഖലകളിലടക്കം വിഷയം സജീവ ചർച്ചയാക്കും. പ്രകടനപത്രികയിൽ അഭിപ്രായം അറിയിക്കണമെന്ന രാഹുലിൻറെ ആഹ്വാനത്തിന് മികച്ച പ്രതികരണമാണ് കിട്ടുന്നതെന്നും , നല്ല നിർദ്ദേശങ്ങൾ അനുബന്ധ പത്രികയായി ഇറക്കാൻ ആലോചനയുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി.

Related News