ഹേമ മാലിനിക്കെതിരെ മോശം പരാമര്‍ശം; ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ, രണ്‍ദീപ് സിങ് സുര്‍ജേവാലക്ക് നോട്ടീസ്

  • 09/04/2024

നടിയും ബിജെപി സ്ഥാനാർത്ഥിയുമായ ഹേമ മാലിനിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ്ങ് സുർജേവാല നടത്തിയ മോശം പരാമർശത്തില്‍ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. വിഷയത്തില്‍ സുർജേവാലക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. ഏപ്രില്‍ 11 ന് ഉള്ളില്‍ നോട്ടീസിന് മറുപടി അറിയിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.സ്ത്രീകള്‍ക്കെതിരായ പരാമർശങ്ങളില്‍ പാർട്ടി പ്രവർത്തകർ മാന്യത പാലിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയോടും കമ്മീഷൻ ആവശ്യപ്പെട്ടു. ഇതിന് ഖാർഗെയും ഏപ്രില്‍ 11 നകം മറുപടി അറിയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു.

സുര്‍ജേവാലയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു. നേതാക്കളെ എംഎല്‍എയും എംപിയുമാക്കുന്നത് ജനങ്ങളുടെ ശബ്ദം ഉയർത്താനാണ്, അവർക്ക് അതിന് കഴിയണം, എന്നാല്‍ ഹേമമാലിനി എം പിയാകുന്നത് നക്കി തിന്നാനാണെന്നുമായിരുന്നു സുര്‍ജേവാലയുടെ വിവാദ പരാമര്‍ശം. ഹേമമാലിനിയെ സ്ത്രീയെന്ന രീതിയിലും വ്യക്തിയെന്ന രീതിയിലും അപമാനിക്കുന്നതാണെന്ന് ചൂണ്ടികാണിച്ച്‌ ശക്തമായ പ്രതിഷേധവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തുകയായിരുന്നു.

ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത മാളവ്യ അടക്കം സമൂഹമാധ്യമങ്ങളില്‍ വിഷയം ശക്തമായി ഉന്നയിച്ചു. രാഹുല്‍ ഗാന്ധിയുടെ പാർട്ടിയില്‍ നിന്ന് ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് അമിത് മാളവ്യ അഭിപ്രായപ്പെട്ടത്.

Related News