ദില്ലിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യനയക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത് ജയിലിലാക്കിയതിന് പിന്നാലെയുണ്ടായ ഭരണപ്രതിസന്ധി മന്ത്രിയുടെ രാജിയോടെ അതിരൂക്ഷമായിരിക്കുകയാണ്.

  • 10/04/2024

ദില്ലിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യനയക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത് ജയിലിലാക്കിയതിന് പിന്നാലെയുണ്ടായ ഭരണപ്രതിസന്ധി മന്ത്രിയുടെ രാജിയോടെ അതിരൂക്ഷമായിരിക്കുകയാണ്. മുഖ്യമന്ത്രി ജയിലിലായതിനാല്‍ മന്ത്രി രാജ്കുമാർ ആനന്ദ് രാജിവച്ചത് ലഫ്നന്റ് ഗവർണറെ അറിയിക്കാനാകാതെ കുഴങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. മന്ത്രിയുടെ രാജി അറിയിക്കാൻ ഫയല്‍ തയ്യാറാക്കാൻ കെജ്‍രിവാള്‍ കോടതിയുടെ അനുമതി തേടും.

അരവിന്ദ് കെജ്രിവാളിന്റെ രാജിക്കായി സമ്മർദ്ദം ശക്തമാകുന്ന വേളയിലാണ് ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ദില്ലി സർക്കാരിലെ മന്ത്രി രാജ് കുമാർ ആനന്ദ് രാജിവെച്ചത്. പാർട്ടിക്ക് അധികാരത്തില്‍ തുടരാൻ ധാർമ്മിക അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി പ്രഖ്യാപനം.എഎപി രാജിക്കത്ത് കെജരിവാളിൻ്റെ ഓഫീസിന് കൈമാറിയെന്നാണ് രാജ് കുമാർ വ്യക്തമാക്കിയത്.മന്ത്രിയെ മാറ്റി വകുപ്പുകള്‍ പകരം മറ്റൊരു മന്ത്രിക്ക് നല്‍കണമെങ്കില്‍ ജയിലിലുള്ള മുഖ്യമന്ത്രി കെജരിവാള്‍ ലഫ്. ഗവർണർക്ക് ശുപാർശ നല്‍കണം. എന്നാല്‍ സാങ്കേതികമായി ഇതിന് നിലവില്‍ സാധിക്കില്ല. ഈ നടപടിക്ക് വിചാരണക്കോടതി അനുമതി വേണം. ഈ സാഹചര്യം മറിക്കടക്കാനുള്ള നീക്കത്തിലാണ് എ എ പി.

രാജ് കുമാറിൻ്റെ രാജിയോടെ ഇഡി, സിബിഐ കേസുകളില്‍ ഉള്‍പ്പെട്ടവർ മറുകണ്ടം ചാടാതെയിരിക്കാൻ നടപടികളും പാർട്ടി തുടങിയിട്ടുണ്ട്. ഭരണ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ലഫ്.ഗവർണറുടെ നീക്കങ്ങളും നിർണ്ണായകമാണ്.ഇഡി ആനന്ദിനെ ഭയപ്പെടുത്തിയെന്നും അങ്ങനെയാണ് രാജിയിലേക്കെത്തിയതെന്നുമാണ് ആംആദ്മി പാർട്ടി തിരിച്ചടിക്കുന്നത്.

Related News