കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അതിക്രമിച്ച് കയറി വീഡിയോ പകർച്ചി യു ട്യൂബർ അറസ്റ്റില്‍. ബെംഗളൂരുവിലെ യെലഹങ്ക സ്വദേശിയായ വികാസ് ഗൗഡയെയാണ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്. 23 കാരനായ യൂട്യൂബർ താൻ 24 മണിക്കൂറിലധികം വിമാനത്താവളത്തിനുള്ളില്‍ കഴിഞ്ഞുവെന്നും സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് പല മേഖലകളിലേക്കും കടന്നുവെന്നും വീഡിയോയിലൂടെ പറഞ്ഞിരുന്നു.
ഏപ്രില്‍ 7 ന് ഉച്ചയ്ക്ക് 12.10 ഓടെ ചെന്നൈയിലേക്കുള്ള വിമാനത്തിനുള്ള ടിക്കറ്റുമായി വികാസ് ഗൗഡ വിമാനത്താവളത്തില്‍ പ്രവേശിച്ചതായി ഡിസിപി ലക്ഷ്മി പ്രസാദ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. സുരക്ഷാ പരിശോധന പൂർത്തിയാക്കി ബോർഡിംഗ് ലോഞ്ചിലേക്ക് പോയെങ്കിലും വികാസ് മനഃപൂർവം വിമാനത്തില്‍ കയറാതെ മറ്റ് സ്ഥലങ്ങളിലേക്ക് അതിക്രമിച്ച് കയറി തൻ്റെ മൊബൈലില്‍ ഒരു സെല്‍ഫി വീഡിയോ പകർത്തുകയായിരുന്നു. അതില്‍, താൻ ഒരു ദിവസം മുഴുവൻ വിമാനത്താവളത്തിനുള്ളില്‍ ഉണ്ടായിരുന്നുവെന്നും പറയുന്നുണ്ട്. പിന്നീട് വീഡിയോ ഏപ്രില്‍ 12 ന് അപ്‌ലോഡ് ചെയ്യുകയായിരുന്നു. വീഡിയോ വൈറലാവുകയും വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയും അവർ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വിമാനത്താവളത്തിലെ സുരക്ഷയെക്കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടിയാണ് വികാസില്‍ നിന്നുണ്ടായതെന്ന് സിഐഎസ്‌എഫ് ഇൻസ്‌പെക്ടർ മുരളി ലാല്‍ മീണ പറഞ്ഞു. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, അന്വേഷണത്തില്‍ വികാസ് ഗൗഡ എയർപോർട്ടിനുള്ളില്‍ ആറ് മണിക്കൂറോളം ചിലവഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഗേറ്റില്‍ വെച്ച് അയാള്‍ക്ക് വിമാനം നഷ്ടമായെങ്കിലും വിമാന ടിക്കറ്റും ബോർഡിംഗ് പാസും ഉള്ളതിനാല്‍ ആർക്കും സംശയം തോന്നിയില്ല. പോസ്റ്റ് ചെയ്ത വീഡിയോയിലെ അയാളുടെ എല്ലാ അവകാശവാദങ്ങളും അതിശയോക്തിപരമാണെന്നും പൊലീസ് പറയുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?