ഒറ്റയാനായി ഡി.ഗുകേഷ്; കാൻഡിഡേറ്റസ് ചെസ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ താരം

  • 22/04/2024

ഫിഡെ കാൻഡിഡേറ്റസ് ചെസ്സ് ടൂർണമെന്റിൽ അഭിമാനനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഡി ഗുകേഷ്. 9 പോയിന്റുമായി മുന്നിലെത്തിയാണ് ഗുകേഷ് ടൂർണമെൻര് ചാമ്പ്യനായത്. ടൊറന്റോയിൽ നടന്ന അവസാന റൗണ്ട് മത്സരത്തിൽ ലോക മൂന്നാം നമ്പർ താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ സമനിലയിൽ തളച്ചാണ് നേട്ടം.

ടൂർണമെന്റ് ജയത്തോടെ ഡി ഗുകേ ലോകചെസ്സ് ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യനെ നേരിടാനുള്ള യോഗ്യത നേടി. കാൻഡിഡേറ്റ്‌സ് ടൂർണമെന്റ് ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് 17 കാരനായ ഗുകേഷ്. 2014ൽ വിശ്വനാഥൻ ആനന്ദിന് ശേഷം കാൻഡിഡേറ്റസ് ടൂർണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് ഗുകേഷ്. മാഗ്‌നസ് കാൾസണും ഗാരി കാസ്പറോവും ലോക ചാമ്പ്യന്മാരാകുമ്പോൾ ഇരുവർക്കും 22 വയസ്സായിരുന്നു. ചരിത്ര നേട്ടത്തിൽ ഗുകേഷിനെ അഭിനന്ദിച്ച് വിശ്വനാഥൻ ആനന്ദ് രംഗത്തെത്തി. ഗുകേഷിന്റെ നേട്ടത്തിൽ വ്യക്തിപരമായി ഏറെ സന്തോഷമെന്ന് ആനന്ദ് 'എക്സിൽ' കുറിച്ചു.

ലോക ചെസ് ചാമ്പ്യന്റെ എതിരാളിയെ നിശ്ചയിക്കുന്ന മത്സരമാണ് ഫിഡെ കാൻഡിഡേറ്റസ്. 2024 ലെ ലോക ചാമ്പ്യൻഷിപ്പ് കിരീടത്തിനായുള്ള മത്സരത്തിൽ 17 കാരനായ ഗുകേഷ് ഡിംഗ് ലിറനെ നേരിടും.

Related News