പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലി അമ്മയും മകളും തമ്മില്‍ വഴക്ക്; അമ്മയുടെ കുത്തേറ്റ് 19കാരി മരിച്ചു

  • 01/05/2024

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലി അമ്മയും മകളും തമ്മിലുണ്ടായ വഴക്ക് മകളുടെ മരണത്തില്‍ കലാശിച്ചു. ബെംഗളൂരുവില്‍ തിങ്കളാഴ്ചയാണ് സംഭവം. പരസ്പരം കത്തി ഉപയോഗിച്ച്‌ ആക്രമിക്കുന്നതിനിടെ ഇരുവര്‍ക്കും കുത്തേല്‍ക്കുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിച്ച മകള്‍ മരിച്ചു. അമ്മ പത്മജ (60) ചികിത്സയിലാണ്. ബനശങ്കരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ശാസ്ത്രി നഗറില്‍ തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം.ബിരുദ വിദ്യാര്‍ഥിയായ സാഹിത്യയാണ് കൊല്ലപ്പെട്ടത്. പരീക്ഷയില്‍ മകള്‍ക്ക് മാർക്ക് കുറഞ്ഞതിനെച്ചൊല്ലി അമ്മയും മകളും തമ്മില്‍ രൂക്ഷമായ തർക്കമുണ്ടായതായി വിവിധ റിപ്പോർട്ടുകള്‍ പറയുന്നു.

അമ്മ മകളെ കഴുത്തിലും വയറിലും മൂന്ന് തവണ കുത്തിയപ്പോള്‍ മകള്‍ അമ്മയെ നാല് തവണ കുത്തുകയായിരുന്നു.ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഇരുവരെയും രക്തത്തില്‍ കുളിച്ച്‌ കിടക്കുന്നത് കണ്ട് പോലീസില്‍ അറിയിക്കുകയായിരുന്നു.

പൊലീസെത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ ബനശങ്കരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സൗത്ത് ഡിവിഷൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ലോകേഷ് ഭരമപ്പ ജഗല്‍സർ പറഞ്ഞു.

Related News