ഇരുകൈകളും നഷ്ടപ്പെട്ട ചെന്നൈ സ്വദേശിക്ക് ഒടുവിൽ ഡ്രൈവിങ് ലൈസൻസ്; തൻസീറിന് സ്വപ്നസാഫല്യം

  • 09/05/2024

ഇരുകൈകളും നഷ്ടപ്പെട്ട ചെന്നൈ സ്വദേശിക്ക് ഒടുവിൽ ഡ്രൈവിങ് ലൈസൻസ് ലഭിച്ചു. ശാരീരിക വെല്ലുവിളികൾ നേരിടുന്നതിനാൽ രൂപമാറ്റം വരുത്തിയ വാഹനത്തിലാണ് ലൈസൻസ് എന്ന സ്വപ്നം തൻസീർ സാക്ഷാത്കരിച്ചത്. തൻസീറിന്റെ സന്തോഷത്തിൽ പങ്കുചേരുകയാണ് കുടുംബവും ചെന്നൈയിലെ ട്രാൻസ്‌പോർട്ട് അധികൃതരും. ഇരുകൈകളും ഇല്ലാത്ത ജിലുമോൾ എന്ന ഇടുക്കി സ്വദേശിനിക്ക് മുമ്പ് ലൈസൻസ് ലഭിച്ചിട്ടുണ്ട്.

കുട്ടിക്കാലത്ത് ഉണ്ടായ അപകടത്തിലാണ് ചെന്നൈ സ്വദേശിയായ തൻസീറിന് ഇരുകൈകളും നഷ്ടമായത്. ജീവിത സാഹചര്യങ്ങളോട് മല്ലിടുമ്പോഴും തന്റെ സ്വപ്നങ്ങളെ ഉപേക്ഷിക്കാൻ തയ്യാറാല്ലായിരുന്നു ഈ മുപ്പതുകാരൻ. തന്റെ സ്വപ്നത്തിന് പിന്നാലെ സഞ്ചരിച്ച തൻസീർ പരിമിതികളെ മറികടന്ന് ഡ്രൈവിങ് ലൈസൻസ് നേടി.

കാല് കൊണ്ട് ഓടിക്കാവുന്ന രൂപമാറ്റം വരുത്തിയ ഓട്ടോമാറ്റിക് കാറിലാണ് തൻസീറിന്റെ യാത്ര. നിരവധി തടസങ്ങൾ ഉണ്ടായിരുന്നെങ്കിലും കാർ ഓടിക്കണമെന്ന ആഗ്രഹം, ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിന് തന്നെ പ്രേരിപ്പിച്ചു. ഫിറ്റ്‌നസ് ലഭിച്ചതോടെ ചെന്നൈ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ നിന്ന് തൻസീർ പ്രത്യേക ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കി. ഡ്രൈവിംഗ് ലൈസൻസ് നേടിയതിലൂടെ നിരവധി ഭിന്നശേഷിക്കാർക്ക് മാതൃകയായി മാറിയെന്നാണ് തൻസീറിന്റെ കുടുംബത്തിന്റെ പ്രതികരണം.

Related News