എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഇന്നും സാധാരണനിലയിൽ നടക്കില്ല; കണ്ണൂരിൽ നിന്നുള്ള അഞ്ച് സർവീസുകൾ റദ്ദാക്കി

  • 10/05/2024

ജീവനക്കാരുടെ പണിമുടക്കിനെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇന്നും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ മുടങ്ങി. എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിൽ നിന്നുള്ള അഞ്ച് സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഷാർജ, ദുബായ്, ദമ്മാം, റിയാദ്, അബുദാബി സർവീസുകളാണ് റദ്ദാക്കിയത്. 

ജീവനക്കാർ സമരം പിൻവലിച്ചെങ്കിലും പൂർണതോതിൽ സർവീസുകൾ ഉടനടി പുനരാരംഭിക്കുക എന്നത് പ്രായോഗികമല്ലെന്നാണ് എയർ ഇന്ത്യ പറയുന്നത്. വിമാനയാത്രയ്ക്ക് മുൻപുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാൻ സാധിക്കാതിരുന്നതിനാലാണ് പത്ത് സർവീസുകളിൽ അഞ്ചെണ്ണം റദ്ദാക്കിയിരിക്കുന്നത്. ജീവനക്കാർ സമരം പിൻവലിച്ചെങ്കിലും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ സാധാരണ പോലെ നടന്നേക്കില്ല. എത്രയും വേഗം സർവീസുകൾ പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വാർത്താക്കുറിപ്പിറക്കി. ഇന്ന് യാത്ര ചെയ്യേണ്ടവർ സർവീസ് ഉണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ വിമാനത്താവളത്തിലെത്താവു എന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

ജീവനക്കാരുടെ സമരം മൂലം 180 ഓളം സർവീസുകളാണ് രണ്ട് ദിവസത്തിനിടെ മുടങ്ങിയത്. ഇന്നലെ ലേബർ കമ്മീഷന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് സമവായം ആയത്. സമരം ചെയ്തവരെ പിരിച്ച് വിട്ട നടപടി കമ്പനി പിൻവലിക്കാൻ തയ്യാറായി. സമരക്കാരുടെ ആവശ്യങ്ങളിൽ ഉടനടി നടപടി എടുക്കാമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.

Related News