ഒഴുക്കുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരം; നര്‍മദയില്‍ ഒഴുക്കില്‍പെട്ട് കാണാതായ കുട്ടികള്‍ക്കായി തിരച്ചില്‍ തുടരുന്നു

  • 15/05/2024

ഗുജറാത്തിലെ നർമദ നദിയില്‍ ഒഴുക്കില്‍പെട്ട് കുട്ടികളുള്‍പ്പെടെ ഏഴുപേരെ കാണാതായി. ഇന്നലെ രാവിലെ നർമദ നദിയിലെ പൊയ്ച്ച ഭാഗത്ത് കുളിക്കാനിറങ്ങിയ എട്ടംഗ സംഘമാണ് അപകടത്തില്‍പെട്ടത്. ഇതില്‍ ഒരാളെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവർക്കായി എൻഡിആർഎഫ് സംഘം തിരച്ചില്‍ തുടരുകയാണ്. അതേസമയം, നർമ്മദ നദിയുടെ ഒഴുക്കുള്ള ഭാഗമായതിനാല്‍ രക്ഷാ പ്രവർത്തനം ദുഷ്കരമായി തുടരുകയാണ്.

കാണാതായവരില്‍ ആറു പേരും 15 വയസില്‍ താഴെ പ്രായമുള്ള കുട്ടികളാണ്. ഭരത് ബദാലിയ (45), അർണവ് ബദാലിയ, മിത്രാക്ഷ ബദാലിയ(15), വ്രാജ് ബദാലിയ(11), ആര്യൻ ജിഞ്ജല(7), ഭാർഗവ് ഹാദിയ(15), ഭവേഷ് ഹാദിയ( 15) എന്നിവരെയാണ് കാണാതായത്. സൂറത്തില്‍ നിന്നും കുടുംബത്തോടൊപ്പം ക്ഷേത്ര ദർശനത്തിനായി എത്തിയ 17 അംഗ സംഘത്തിലുള്ളവരാണ് അപകത്തില്‍പെട്ടത്.

സൂറത്തില്‍ നിന്നും വാടോദരയില്‍ നിന്നും കൂടുതല്‍ ദൗത്യ സംഘങ്ങള്‍ സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. അടുത്തിടെ നർമ്മദ ജില്ലാ ഭരണകൂടം ലൈസൻസില്ലാതെ ബോട്ട് ഓടിക്കുന്നത് നിരോധിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും ലൈസൻസില്ലാതെ ബോട്ടുകള്‍ ഓടിക്കുന്നത് തുടരുകയാണ്. 

Related News