ആഡംബര കാറിടിച്ച്‌ രണ്ട് പേരെ കൊന്ന സംഭവം; 17 കാരന് സ്റ്റേഷനില്‍ പിസയും ബര്‍ഗറും ബിരിയാണിയും, മദ്യപിക്കുന്ന വീഡിയോ പുറത്ത്

  • 21/05/2024

ആഡംബര കാറിടിച്ച്‌ രണ്ട് പേരെ കൊന്ന 17 കാരന് ജാമ്യം നല്‍കിയതിനെത്തുടര്‍ന്നുള്ള വിവാദത്തിനിടയില്‍ പ്രതിക്ക് പൊലീസ് പ്രത്യേക പരിഗണന നല്‍കിയെന്ന ആരോപണവുമായി മഹാരാഷ്ട്രയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍.

കസ്റ്റഡിയിലെടുത്ത ശേഷം കൗമാരക്കാരന് സ്റ്റേഷനില്‍ പിസയും ബര്‍ഗറും ബിരിയാണിയും വാങ്ങി നല്‍കിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ എന്‍സിപി വിഭാഗത്തിലെ ഒരു എംഎല്‍എ പൊലീസ് സ്റ്റേഷനിലെത്തി ഇവര്‍ക്ക് വേണ്ടുന്ന സഹായങ്ങള്‍ നല്‍കിയെന്നും പൂനെ പൊലീസ് കമ്മീഷണര്‍ അമിതേഷ് കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു.

രണ്ട് യുവാക്കളുടെ ജീവന്‍ അപഹരിച്ച പ്രതിയായ 17കാരന്റെ മദ്യപിക്കുന്ന വീഡിയോ പുറത്തു വന്നിരിക്കുന്നുവെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു. പക്ഷേ, മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ നെഗറ്റീവായിരുന്നു ഫലം. പൊലീസ് കമ്മീഷണര്‍ക്ക് ഇതിന് ഒത്താശ ചെയ്യുന്നത് ആരാണെന്ന് അറിയണമെന്നും ഇല്ലെങ്കില്‍ ജനം തെരുവിലിറങ്ങുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം ഏതെങ്കിലും ഉദ്യോഗസ്ഥന്‍ പ്രതികളെ സഹായിച്ചതായി കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൂനെ പൊലീസ് കമ്മീഷണര്‍ പറഞ്ഞു. നിലവില്‍ ഇത്തരം കാര്യങ്ങളൊന്നും നടന്നതായി തെളിഞ്ഞിട്ടില്ലെന്നായിരുന്നു ആരോപണങ്ങളോട് കമ്മീഷറുടെ പ്രതികരണം.

Related News