ഘട്ട്കോപ്പര്‍ പരസ്യബോര്‍ഡ് അപകടം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; ആകെ മരണസംഖ്യ 17 ആയി

  • 22/05/2024

ഘാട്ട്കോപ്പറില്‍ പരസ്യബോർഡ് തകർന്ന് വീണുണ്ടായ അപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. അന്വേഷണത്തിനു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. പ്രതി ഭവേഷ് ബിൻഡെയുടെ വസതിയിലും ഓഫീസിലും പരിശോധന നടത്തി. പരസ്യ ബോ‌ർഡ് സ്ഥാപിച്ച കമ്ബനി ഉടമകള്‍ക്കെതിരെ പോലീസ് മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു. 

അപകടത്തിലെ മുഖ്യ പ്രതി ഭവേഷ് ബിൻഡേ രാജസ്ഥാനില്‍ നിന്നും പിടിയിലായിരുന്നു. അപകടത്തിനു പിന്നാലെ ഒളിവില്‍ പോയ ഇയാളെ ഉദയ്പൂരില്‍ നിന്നാണ് മുംബൈ ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. പരസ്യ കമ്ബനി ഉടമയായ ഭവേഷ് ബിൻഡേയെക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു. ശക്തമായ കാറ്റില്‍ കൂറ്റൻ പരസ്യ ബോർഡ് പെട്രോള്‍ പമ്ബിനു മുകളിലേക്ക് വീണാണ് അപകടമുണ്ടായത്. 16 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ രക്ഷാ ദൗത്യം കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂർത്തിയായത്. അന്വേഷണത്തില്‍ പരസ്യ ബോർഡ് അനധികൃതമായാണ് സ്ഥാപിച്ചതെന്ന് കണ്ടെത്തിയിരുന്നു.

സംഭവ സമയത്ത് പമ്ബിലുണ്ടായിരുന്ന അൻപതോളം വാഹനങ്ങള്‍ അപകടത്തില്‍പെട്ടിരുന്നു. പെട്രോള്‍ പമ്ബായതിനാല്‍ ഗ്യാസ് കട്ടർ ഉപയോഗിച്ച്‌ ഇരുമ്ബ് ഭാഗങ്ങള്‍ മുറിച്ച്‌ മാറ്റാനാകാത്തത് ദൗത്യത്തെ ശ്രമകരമാക്കുകയും ചെയ്തിരുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 5 ലക്ഷം സഹായധനം പ്രഖ്യാപിച്ച മഹാരാഷ്ട്ര സർക്കാർ സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Related News